വില്ലന്മാരുടെ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് കീരിക്കാടൻ ജോസ്
കൊച്ചി: സിനിമയിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരുടെ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്ന് കിരീടത്തിലെ കീരിക്കാടൻ ജോസായി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടൻ മോഹൻരാജ്്. കിരീടത്തിന്റെ കഥ പോലും അറിയാതെ വന്നഭിനയിച്ച അദ്ദേഹം പിന്നീട് അറിയപ്പെട്ടത് മുഴുവൻ ആ കഥാപാത്രത്തിന്റെയും സിനിമയുടെയും പേരിലാണ്. ഇപ്പോഴും തനിക്ക് സിനിമയിൽ നിന്ന് അവസരങ്ങൾ വരാറുണ്ടെന്നും എന്നാൽ എല്ലാം അടിവാങ്ങുന്ന വേഷങ്ങൾ തന്നെയാണെന്നും അദ്ദേഹം പറയുന്നു.
”കലാധരൻ എന്ന സുഹൃത്തുവഴിയാണ് കിരീടത്തിലേക്കെത്തുന്നത്. സംവിധായകനും എഴുത്തുകാരനും കണ്ട് ഇഷ്ടമായതോടെ വേഷം ലഭിച്ചു. അഭിനയിക്കാനെത്തിയപ്പോഴും കഥയൊന്നും ആരും പറഞ്ഞുതന്നില്ല. ചോദിക്കാനും പോയില്ല. തിരുവനന്തപുരം ആര്യനാടുവെച്ചാണ് സംഘട്ടനരംഗം ചിത്രീകരിച്ചത്. മോഹൻ ലാൽതന്നെയാണ് ഇങ്ങനെ അടിക്കണം, ഇത്തരത്തിൽ തടുത്താൽ നന്നാകുമെന്നെല്ലാം പറഞ്ഞുതന്നത്. സ്‌കൂൾകാലത്ത് നാഷണൽ അത്ലറ്റിക് ആയതിന്റെ ഗുണം സംഘട്ടനരംഗങ്ങൾക്ക് ഉപകരിച്ചു. ക്ലൈമാക്സ് രംഗത്തിനായി ശരീരം ഒരുപാട് ചളിതിന്നിട്ടുണ്ട്.” മോഹൻരാജ് പറഞ്ഞു.
അതേസമയം സിനിമയിലെ വില്ലന്മാരുടെ ജീവിതം കഷ്ടമാണെന്നും മാനസികമായും സാന്പത്തികമായും നേട്ടമൊന്നും ഇല്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

