എ.എൽ വിജയ് വിവാഹിതനായി
ചെന്നൈ: നടി അമല പോളിന്റെ മുൻ ഭർത്താവും തമിഴ് സംവിധായകനുമായ എ.എൽ വിജയ് വിവാഹിതനായി. ചെന്നൈയിലിലെ ഡോക്ടർ ആർ. ഐശ്വര്യയെയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വീണ്ടും വിവാഹം കഴിക്കാനുള്ള തീരുമാനം പത്രക്കുറിപ്പിലൂടെയാണ് സംവിധായകൻ അറിയിച്ചത്.
'ദൈവത്തിരുമകൾ' എന്നചിത്രത്തിനു ശേഷമാണ് വിജയ് അമലപോളിനെ വിവാഹം കഴിക്കുന്നത്. നാലു വർഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ 2014 ജൂണ്‍ 12ന് ഇരുവരും വിവാഹിതരായത്. എന്നാൽ ഏറെ വൈകാതെ തന്നെ ഇവരുടെ വിവാഹ മോചന വാർത്ത പുറത്തുവന്നു.
അമല സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമല്ലാത്തതിനാലാണ് വിവാഹ മോചനത്തിന് കാരണമെന്ന തരത്തിലും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇത് വെറും പ്രചാരണങ്ങൾ മാത്രമാണെന്നും അമലയുടെ അഭിനയ മോഹത്തെ പൂർണമായും പിന്തുണച്ചിരുന്നെന്നും വീട്ടുകാർക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും വിജയ് പ്രതികരിച്ചിരുന്നു.
താൻ വീണ്ടും വിവാഹം കഴിക്കുമെന്നു അമലയും വ്യക്തമാക്കിയിരുന്നു. ' ഞാന്‍ സന്യാസിയായി ഹിമാലയത്തിലേക്കൊന്നും പോകാൻ പോകുന്നില്ല. ഞാൻ വീണ്ടും വിവാഹം കഴിക്കും. അതൊരു പ്രണയ വിവാഹമായിരിക്കും. അതാരാണെന്ന് സമയം വരുന്പോൾ പറയും. എല്ലാവരേയും അറിയിച്ചുകൊണ്ടുള്ള വിവാഹമായിരിക്കുമതെന്നും ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമല പറഞ്ഞിരുന്നു.

