ജീവനോടെയുള്ളപ്പോൾ ‘അമ്മ’ തിരിച്ചെടുത്തിരുന്നെങ്കിൽ അച്ഛൻ സമാധാനത്തോടെ മരിക്കുമായിരുന്നു
തിരുവനന്തപുരം: ജീവനോടെയുള്ളപ്പോൾ അമ്മ തിരിച്ചെടുത്തിരുന്നെങ്കിൽ അച്ഛൻ സമാധാനത്തോടെ മരിക്കുമായിരുന്നുവെന്ന് മലയാള സിനിമയുടെ അതുല്യ നടൻ തിലകന്റെ മകൻ ഷമ്മി തിലകൻ.
അവസാന നാളുകളിൽ സിനിമ സംഘടനയായ അമ്മയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു. മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ വിലക്ക് പിൻവലിച്ചിരുന്നില്ല. എന്നാൽ ഇത്തവണത്തെ ജനറൽ ബോഡി മീറ്റിങ്ങിന് ശേഷം പുറത്ത് വിട്ട സുവനീറിൽ മരിച്ച അംഗങ്ങളുടെ കൂട്ടത്തിൽ തിലകനേയും ഉൾപ്പെടുത്തിയിരുന്നു. പത്ത് വർഷങ്ങൾക്ക് ശേഷം തിലകന്റെ മകൻ ഷമ്മി തിലകനും യോഗത്തിന് എത്തിയിരുന്നു.
2018 ജൂണിൽ തിലകന്റെ മകനും നടനുമായ ഷമ്മി തിലകൻ, അച്ഛനെതിരായ അച്ചടക്ക നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 'അമ്മ'യെ സമീപിച്ചിരുന്നു. 2009−ലാണ് തിലകൻ അമ്മയിൽ നിന്ന് പുറത്തു പോകുന്നത്. അച്ചടക്ക നടപടിയ്ക്ക് വിശദീകരണം നൽകിയില്ലെന്നായിരുന്നു അന്ന് ആരോപിച്ചിരുന്ന കുറ്റം. താരസംഘടനയുമായുള്ള പ്രശ്‌നത്തെ തുടർന്ന കരാറായ സിനിമകളിൽ നിന്ന് തിലകനെ ഒഴിവാക്കിയതായും അന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. അച്ഛനെ പിന്തുണച്ച ഷമ്മി തിലകൻ അമ്മയുടെ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതോടെയാണ് ഷമ്മി സംഘടനയുമായി ഒരുമിച്ച് പോകാൻ തയാറായത്.
അമ്മയിൽ നിന്നു പുറത്താക്കിയ നടൻ തിലകനെതിരായ നടപടി പിൻവലിക്കണമെന്ന ഷമ്മി തിലകന്റെയും ജോയ് മാത്യുവിന്റെയും നിർദ്‍ദേശം ഈ കഴിഞ്ഞ യോഗത്തിലും ഇരുവരും പരാമർശിച്ചു. ബൈലോ അനുസരിച്ച് കാര്യങ്ങൾ എങ്ങനെയാവണം എന്ന് ചർച്ച ചെയ്യാൻ സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമാകാൻ സന്തോഷമുണ്ട്. തന്റെ അഭിപ്രായം അതിലൂടെ വ്യക്തമാക്കാം. ഞാൻ ഇപ്പോൾ വളരെ പ്രതീക്ഷയിലാണ്. മോഹന്‍ലാലിനെ ഞാന്‍ വിശ്വസിക്കുന്നു. മോഹൻലാൽ എന്നെ ഫോണിൽ വിളിച്ച് അദ്ദേഹം തിരിച്ചു വന്ന ശേഷം അടുത്ത നടപടിയെടുക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഷമ്മി തിലകൻ പറഞ്ഞു.

