എന്റെ പരിമിതികളെക്കുറിച്ച് ഞാന്‍ ബോധവതിയാണെന്ന് അനു സിതാര
കൊച്ചി: തന്റെ പരിമിതികളെക്കുറിച്ച് തനിക്കറിയാമെന്നും അതുകൊണ്ട് തന്നെ എല്ലാം കഥാപാത്രങ്ങളും ചെയ്യാൻ തനിക്ക് സാധിച്ചെന്ന് വരില്ലെന്നും നടി അനു സിതാര. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരം ഇക്കാര്യം പറഞ്ഞത്.
“പരീക്ഷണ റോളുകൾ ചെയ്യാൻ എനിക്കിഷ്ടമാണ്. പക്ഷേ ചിലപ്പോൾ ഞാനതിനോട് നോ പറഞ്ഞേക്കാം. കാരണം ഞാൻ ഇനിയും പഠിക്കാനുണ്ട്. എനിക്ക് ചെയ്യാൻ സാധിക്കുമെന്ന കഥാപാത്രങ്ങളാണ് ഞാൻ ചെയ്യാറുള്ളത്. മിഥുനത്തിൽ ഉർവ്വശി അവതരിപ്പിച്ചത് പോലുള്ള കഥാപാത്രം ചെയ്യാൻ ഇഷ്ടമാണെന്നും അനു പറഞ്ഞു.
ഒരു നായിക എന്ന നിലയിൽ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനി. മാലിനിയെ കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു. സംവിധായകൻ വിശദീകരിച്ചപ്പോഴാണ് കുറച്ചെങ്കിലും പിടികിട്ടിയത്. ആ ഒരു പേടിയോടെയാണ് ലൊക്കേഷനിലെത്തിയത്. പക്ഷേ എല്ലാവരും എന്നെ പിന്തുണച്ചു അതുകൊണ്ട് തന്നെ മാലിനിയിലേക്ക് പെട്ടെന്നെത്താൻ എനിക്ക് സാധിച്ചു.
മമ്മൂട്ടി നായകനായ മാമാങ്കമാണ് അനുവിന്റെ അടുത്ത സിനിമ. പുതുതലമുറ നടിമാരിൽ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക മനസിൽ ചേക്കേറിയ നടിയാണ് അനു സിത്താര. ചെറിയ റോളുകളിലൂടെ വന്ന് നായികയായി മാറിയ താരം ഇന്ന് തിരക്കുള്ള നടിയാണ്.

