ആന്റണി പെരുന്പാവൂർ ഒടുവിൽ വാക്കുപാലിച്ചു
കൊച്ചി: പൃഥ്വി രാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ചിത്രീകരണത്തിനിടയിൽ നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുന്പാവൂർ.
ചിത്രത്തിലെ ക്ലൈമാക്‌സിൽ കാണിക്കുന്ന പഴയ ദേവാലയം നവീകരിക്കാമെന്ന് ലൂസിഫർ സംഘം അധികൃതർക്ക് ഉറപ്പ് നൽകിയിരുന്നു. പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന പള്ളിക്ക് ശാപമോക്ഷം ലഭിച്ചുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇടുക്കിജില്ലയിലെ കുടിയേറ്റ മേഖലകളിലൊന്നായ ഉപ്പുതറയ്ക്കടുത്ത് ലോണ്‍ട്രി രണ്ടാം ഡിവിഷനിലെ പള്ളിയായിരുന്നു ചിത്രത്തിൽ കാണിച്ചത്. ലൂസിഫറിന്റെ ചിത്രീകരണത്തിനായി ഇവിടെയെത്തിയപ്പോൾ പള്ളി നവീകരിക്കുമെന്ന് അണിയറപ്രവർത്തകർ ഉറപ്പ് നൽകിയിരുന്നു.
സിനിമയുടെ ചിത്രീകരണം പൂർത്തിയാവുന്ന മുറയ്ക്ക് നവീകരണം പ്രവർത്തനങ്ങൾ തുടങ്ങുമെന്നായിരുന്നു അണിയറപ്രവർത്തകർ നൽകിയ ഉറപ്പ്. 8 ലക്ഷം രൂപ ചിലവഴിച്ചാണ് ആശീർവാദ് സിനിമാസ് പള്ളി നവീകരിച്ചത്. സ്റ്റീഫൻ നെടുന്പള്ളിയും പ്രിയദർശിനി രാംദാസും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച ചിത്രത്തിലെ പ്രധാന രംഗങ്ങളിലൊന്നായിരുന്നു. മോഹൻലാലും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായെത്തിയപ്പോൾ വിവേക് ഒബ്‌റോയിയായിരുന്നു വില്ലനായെത്തിയത്. ക്ലൈമാക്‌സിനിടയിൽ ആന്റണി പെരുന്പാവൂരും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

