അമ്മയ്ക്ക് ഇനി ഒരു ഔദ്യോഗിക വക്താവ് മാത്രം
തിരുവനന്തപുരം: താരസംഘടനയായ അമ്മയ്ക്ക് ഇനി ഒരു ഔദ്യോഗിക വക്താവ് മാത്രം. കൊച്ചിയിൽ നടന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ സംഘടനയുടെ വക്താവായി മോഹൻലാലിനെ തിരഞ്ഞെടുത്തു. സംഘടന കാര്യങ്ങൾ ഇനി മാധ്യമങ്ങളോട് മോഹൻലാൽ മാത്രം ആയിരിക്കും പറയുക. ഭരണഘടനാ ഭേദഗതി തൽക്കാലം മരവിപ്പിച്ചിരിക്കുകയാണെന്ന് മോഹൻലാൽ ജനറൽ ബോഡി യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് പരമാധികാരം നൽകുന്ന ഭേദഗതികൾക്കെതിരെ ഡബ്ല്യു.സി.സിയുടെ അംഗങ്ങൾ കൂടിയായ രേവതിയും പാർവതിയും ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചു. രാജിക്കത്ത് നൽകിയവരെ അംഗങ്ങളായി പരിഗണിക്കേണ്ടെന്നും പരസ്യപ്രതികരണങ്ങൾ പാടില്ലെന്നുമുള്ള വ്യവസ്ഥകളാണ് പുതിയ ഭേദഗതിയിൽ ഉണ്ടായിരുന്നത്. പരസ്യപ്രതികരണങ്ങൾ അച്ചടക്കലംഘനമായി കണ്ട് നടപടിയെടുക്കുമെന്നും ഭേദഗതി നിർദ്ദേശത്തിലുണ്ടായി. ഇത് ജനാധിപത്യാവകാശ ലംഘനമാണെന്ന് രേവതി പറഞ്ഞു. അമ്മയുടെ 25−ാം ജനറൽ ബോഡി യോഗമാണ് ഇന്ന് കൊച്ചിയിൽ നടന്നത്. ബോൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിലാണ് യോഗം നടന്നത്. മുന്നൂറിലേറെ സിനിമാ താരങ്ങളാണ് സംഗമത്തിനായി എത്തിയിരുന്നത്. ജനറൽ ബോഡി യോഗത്തിന് മുന്നോടിയായി നിർവ്വാഹകസമിതി യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു.

