പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യൂമെന്ററി, ഹ്രസ്വ ചലച്ചിത്രമേള നാളെ മുതൽ
കൊച്ചി: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യൂമെന്ററി, ഹ്രസ്വ ചലച്ചിത്രമേള നാളെ ആരംഭിക്കും. കൈരളി തിയേറ്ററിൽ നാളെ വൈകിട്ട് ആറിന് ആരംഭിക്കുന്ന മേള ഗവർണർ പി.സദാശിവം ഉദ്ഘാടനം ചെയ്യും.
കൈരളി, ശ്രീ, നിള എന്നീ തീയേറ്ററുകളിലായി 262 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. അഗസ്റ്റിനോ ഫെറെന്റെ സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രമായ 'സെൽഫി' ആണ് ഉദ്ഘാടന ചിത്രം. 63 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ലോംഗ് ഡോക്യുമെൻറി, ഷോർട്ട് ഡോക്യുമെൻററി, ഷോർട്ട് ഫിക്ഷൻ, കാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെൻറ് പുരസ്‌കാരം പ്രമുഖ ഡോക്യുമെന്ററി സംവിധായിക മധുശ്രീ ദത്തയ്ക്ക് ജൂൺ 26ന് നടക്കുന്ന സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. ഇതുവരെ അഞ്ചു ദിവസമായിരുന്ന മേള ഇത്തവണ ഒരു ദിവസം കൂടി നീട്ടിയിട്ടുണ്ട്. ഈ മാസം 26 ന് മേള സമാപിക്കും.
www.idsffk.in എന്ന വെബ്‌സൈറ്റിൽ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. മുതിർന്നവർക്ക് 400 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ഇന്ന് വൈകിട്ട് മുതൽ ഡെലിഗേറ്റ് കാർഡുകൾ വിതരണം ചെയ്യും. ഡെലിഗേറ്റ് രജിസ്‌ട്രേഷനുള്ള ഹെൽപ്പ് ഡെസ്‌ക് കൈരളി തിയേറ്ററിൽ പ്രവർത്തിക്കുന്നുണ്ട്.

