തൊടുപുഴ വാസന്തി അന്തരിച്ചു
ചലച്ചിത്ര നടിയും നാടക പ്രവർത്തകയുമായ തൊടുപുഴ വാസന്തി അന്തരിച്ചു. 65 വയസ്സായിരുന്നു. വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. തൊണ്ടയിൽ അർബുധം ബാധിച്ച് കുറച്ചുകാലമായി ചികിത്‍സയിലായിരുന്നു. കടുത്ത പ്രമേഹം മൂലം വലതുകാൽ മുറിച്ചുമാറ്റിയിരുന്നു. സംസ്ക്കാരം വൈകിട്ട് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വസതിയിൽ വെച്ച് നടക്കും. 450 സിനിമകളിലും 15 ടെലിവിഷൻ പരന്പരകളിലും നൂറിലേറെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നാടകാഭിനയത്തിന് സംസ്ഥാന സർക്കാരിന്‍റെ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. പരേതനായ രാജീന്ദ്രനാണ് ഭർത്താവ്. നാടക നടൻ കെ.ആർ രാമകൃഷ്ണൻ നായരുടെയും പി. പങ്കജാക്ഷി അമ്മയുടെയും മകളായി ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണക്കാട് ആണ് ജനനം. പതിനാറാം വയസ്സിൽ വാസന്തി ഉദയയുടെ 'ധർമ്മക്ഷേത്രേ കുരുക്ഷേത്രേ'യിൽ ഒരു നൃത്തം അവതരിപ്പിച്ചു.
അടൂർ ഭാവാനിക്കൊപ്പം നാടക ട്രൂപ്പിൽ ചേർന്നു. 'പീനൽകോഡ്' എന്ന നാടകത്തിൽ അഭിനയിക്കവെ അടൂർ ഭവാനിയാണ് തൊടുപുഴ വാസന്തി എന്ന പേര് വിളിച്ചത്. 1979ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത നവോദയയുടെ 'ചെന്നായ് വളർത്തിയ ആട്ടിൻകുട്ടി'യിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. 'എന്റെ നീലാകാശം' എന്ന സിനിമയിലൂടെ ആദ്യമായി ക്യാരക്ടർ വേഷം ലഭിച്ചു. റേഡിയോ നാടക രംഗത്തും സജീവമായിരുന്നു. കെ.ജി ജോർജ്ജിന്റെ 'യവനിക', അതിലെ രാജമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഒട്ടേറെ വേഷങ്ങൾ വാസന്തിയെ തേടിയെത്തി. ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദർ, നവംബറിന്റെ നഷ്ടം കടത്തനാട്ട് മാക്കം, കണ്ണപ്പനുണ്ണി, യവനിക, അടിയൊഴുക്കുകൾ, ടി.പി ബാലഗോപാലൻ എം.എ, ഒരു വടക്കൻ വീരഗാഥ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഭരതൻ, പത്മരാജൻ, ജോഷി, ഹരിഹരൻ, പി.ജി വിശ്വംഭരൻ തുടങ്ങി ഒട്ടു മിക്ക സംവിധായകരുടേയും ചിത്രങ്ങളിൽ അവർ അഭിനയിച്ചു.'വരമണി നാട്യാലയം' എന്ന നൃത്ത വിദ്യാലയവും നടത്തിയിരുന്നു.
വാസന്തിയുടെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ് വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ വുമൺ ഇൻ സിനിമ കളക്ടീവ് ഉൾപ്പടെയുള്ള സംഘടനകൾ സഹായ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു.


