വരുൺഗാന്ധി കോൺഗ്രസിലേക്കെന്ന് സൂചന
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി എത്താനിരിക്കെ എം.പി.യും രാഹുലിന്റെ പിതൃസഹോദരനായ സഞ്ജയ് ഗാന്ധിയുടെ പുത്രനുമായ വരുൺ ഗാന്ധി കോൺഗ്രസിൽ ചേരുമെന്ന് വാർത്തകൾ. വരുൺഗാന്ധി കുറേ നാളായി ബി.ജെ.പി. നേതൃത്വവുമായി അകന്നു നിൽക്കുകയാണ്. കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെുടുപ്പിലും വരുണിനെ ബി.ജെ.പി. തഴഞ്ഞിരുന്നു. 35 വർഷത്തിനു ശേഷം നെഹ്‌റു കുടുംബത്തിലെ അനന്തരാവകാശികൾ ഒന്നിക്കാൻ വഴിയൊരുങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സഞ്ജയ് ഗാന്ധിയുടെ മകനും സുൽത്താൻപുരിൽ നിന്നുള്ള ബി.ജെ.പി എം.പിയുമാണ് വരുൺ. ബി.ജെ.പിയിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും യു.പി മുഖ്യമന്ത്രിയാകാൻ വരെ യോഗ്യതയുണ്ടായിട്ടും അമിത് ഷായും മോഡിയും വരുണിനെ അവഗണിക്കുകയാണെന്നും ആഗ്രയിലെ കോൺഗ്രസ് നേതാക്കളും ചൂണ്ടിക്കാട്ടുന്നു. അസംബ്ലി തിരഞ്ഞെടുപ്പിൽ ബി.ജെ.പി അനുഭാവികൾ പോലും ഉയർത്തിക്കാട്ടിയ പേരായിരുന്നു വരുൺ ഗാന്ധിയുടേതെന്നും ഇതവഗണിച്ചാണ് മോഡി യോഗിയെ കെട്ടിയിറക്കിയതെന്നും മുതിർന്ന നേതാവായ ഹാജി ജമീലുദ്ദീൻ പറഞ്ഞു.
2019ലെ പാർലിമെന്റ് തിരഞ്ഞെടുപ്പിനു മുന്പ് വരുൺ കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റിയിൽ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയാണു വരുണിനെ കോൺഗ്രസിലെത്തിക്കാൻ ചുക്കാൻ പിടിക്കുന്നതെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി വരുൺ ഒന്നിലേറെത്തവണ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാർച്ച് 25നു പത്താം നന്പർ ജൻപഥിലായിരുന്നു ചർച്ചയെന്നും ദേശീയ മാധ്യമമായ ഡി.എൻ.എ റിപ്പോർട്ട് ചെയ്യുന്നു. അമിത് ഷാ നയിക്കുന്ന ബി.ജെ.പി ദേശീയ നേതൃത്വത്തിൽ നിന്നുള്ള അവഗണനയിൽ അതൃപ്തനാണ് വരുൺ ഗാന്ധി. 2015ൽ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞ ശേഷം വരുൺ കടുത്ത അവഗണനയാണ് നേരിടുന്നത്.
ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലടക്കം വരുൺ ഗാന്ധി തഴയപ്പെട്ടിരുന്നു. പാർട്ടിയുടെ ഉത്തർപ്രദേശിലെ പ്രചാരണത്തിലടക്കം വരുണിന് ഇടം ലഭിച്ചില്ല. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിലും വരുണിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വരുണിന്റെ പുതിയ തീരുമാനത്തെ അമ്മ മേനക ഗാന്ധി ശക്തമായി എതിർക്കുകയാണ്. അതുപോലെതന്നെ സോണിയയ്ക്കും വരുണിന്റെ വരവിനോട് വലിയ താൽപര്യമില്ലെന്നും സൂചനകളുണ്ട്.
യു.പി തിരഞ്ഞെടുപ്പിനുശേഷം നിരവധി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും രാഹുൽ ഗാന്ധിക്കെതിരേ പരാമർശങ്ങളൊന്നും വരുൺ നടത്തിയിട്ടില്ല. രാഹുലിന്റെ സ്ഥാനാരോഹണത്തോടനുബന്ധിച്ചു വരുൺ കോൺഗ്രസിലെത്തുമെന്നും മുതിർന്ന നേതാക്കൾ പ്രതീക്ഷ അറിയിച്ചു.


