കോലുമിട്ടായിയിൽ അഭിനയിച്ചതിന് പ്രതിഫലം തന്നില്ലെന്ന ആരോപണവുമായി ഗൗരവ് മേനോൻ
കൊച്ചി: കോലുമിട്ടായി എന്ന ചിത്രത്തിന്റെ സംവിധായകൻ അരുൺ വിശ്വനും നിർമ്മാതാവ് അഭിജിത് അശോകനും എതിരെ മികച്ച ബാലതാരത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ഗൗരവ് മേനോൻ. പ്രതിഫലം തരാതെ സംവിധായകനും നിർമ്മാതാവും തന്നെ പറ്റിച്ചെന്നാണ് ഗൗരവിന്റെ ആരോപണം. സാറ്റലൈറ്റ് റൈറ്റ് ലഭിച്ച ശേഷം പ്രതിഫലം നൽകാമെന്ന ഉറപ്പിലാണ് ചിത്രത്തിൽ അഭിനയിച്ചതെന്നും എന്നാൽ പിന്നീട് കൈമലർത്തുകയായിരുന്നെന്നും ഗൗരവ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവം വിശദീകരിക്കുന്നതിനിടെ വികാരാധീനനായ ഗൗരവ് തന്റെ അവസ്ഥ മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നും കൂട്ടിച്ചേർത്തു.
സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റ് നേടാനെന്ന പേരിൽ തന്നോട് ഒരു ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടെന്നും എന്നാൽ കൊണ്ടുപോയത് മറ്റൊരു പ്രചാരണ പരിപാടിക്കായിരുന്നെന്നും ഗൗരവ് പറഞ്ഞു. സിനിമാ മേഖലയിൽ തനിക്കെതിരെ ഇവർ വ്യാപക പ്രചാരണം നടത്തുന്നുണ്ടെന്നും ഗൗരവ് മേനോൻ ആരോപിച്ചു.ഇതുസംബന്ധിച്ച് ഐ.ജി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും തങ്ങൾക്ക് നൽകിയ എഗ്രിമെന്റ് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഗൗരവിന്റെ അമ്മ ജയ മേനോൻ പറഞ്ഞു. താൻ തൽക്കാലം ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും ഇനി ഉറപ്പുള്ള സിനിമകൾ മാത്രമേ ചെയ്യൂ എന്നും ഗൗരവ് മ പറഞ്ഞു. നിലവിൽ കമ്മിറ്റ് ചെയ്തിരുന്ന പല ചിത്രങ്ങളും താൻ ഒഴിവാക്കുകയായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം ഗൗരവ് അഭിനയിച്ചത് പ്രതിഫലം വേണ്ടെന്ന ഉറപ്പിലെന്ന് ചിത്രത്തിന്റെ സംവിധായകൻ അരുൺ വിശ്വം വ്യക്തമാക്കി. ഇക്കാര്യം എഗ്രിമെന്റിൽ വ്യക്തമാക്കിയിരുന്നെന്നും ചോറ്റാനിക്കര പോലീസ് േസ്റ്റഷനിലെ സിവിൽ പോലീസ് ഓഫീസർ കൂടിയായ അരുൺ പറഞ്ഞു. കോലുമിട്ടായിയിൽ അഭിനയിച്ച ആരും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അരുൺ പറഞ്ഞു. പലപ്പോഴായ 30,000 രൂപയോളം ഗൗരവ് തങ്ങളിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്നും ഐ.ജി ഓഫീസിൽ വെച്ച് ഗൗരവിന്റെ മാതാപിതാക്കൾ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും ചിത്രത്തിന് ലാഭം കിട്ടിയിരുന്നെങ്കിൽ ഗൗരവിന് പണം നൽകാൻ തയ്യാറായിരുന്നു. എന്നാൽ, ഒരു വർഷത്തോളം ലീവെടുത്ത് സിനിമയെടുത്ത താൻ തന്നെ കടക്കെണിയിലാണെന്നും അരുൺ പറയുന്നു.

