സൗദി അറേബ്യയിലും ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്‍ലാമിക് സ്റ്റേറ്റ്


ദുബായ് : ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ ഭീകരാക്രമണത്തിനു പിന്നാലെ സൗദി അറേബ്യയിലും ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഭീകരസംഘടന ഇസ്‍ലാമിക് സ്റ്റേറ്റ്. 17 പേരുടെ ജീവനെടുത്ത ടെഹ്റാൻ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിനു പിന്നാലെയാണ് സൗദിയിലും സമാനമായ ആക്രമണം സംഘടിപ്പിക്കുമെന്ന ഐഎസ് ഭീഷണി.

ഭീകരർക്കു പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറിനെ ഒറ്റപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഐഎസ് ആക്രമണ ഭീഷണിയെന്നതു ശ്രദ്ധേയമാണ്. ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന ഭീഷണിയും വിഡിയോയിലുണ്ട്. മുഖംമൂടി ധരിച്ചെത്തുന്ന അഞ്ചുപേരാണ് ഇറാനും സൗദിക്കുമെതിരെ ഭീഷണി മുഴക്കുന്നത്.

‘എല്ലാവരുടെയും ഊഴം ഉടൻ വരും’ എന്നാണു ഭീഷണിയുടെ ഉള്ളടക്കം. ‘ദൈവം അനുവദിച്ചാൽ, ടെഹ്റാനിലെ ആക്രമണം ഇറാനെതിരായ ജിഹാദിന്റെ തുടക്കമായിരിക്കും. നാം കൊളുത്തിയിരിക്കുന്ന ഈ തീ അണയാതെ സൂക്ഷിക്കാൻ, നമ്മുടെ സഹോദരൻമാരായ എല്ലാവരോടും ഞങ്ങൾ അഭ്യർഥിക്കുന്നു– വിഡിയോയിൽ പറയുന്നു.

‘‘ദൈവഹിതമനുസരിച്ച്, നിങ്ങളെ വീട്ടിൽക്കയറി ആക്രമിക്കും. ഞങ്ങൾ ആരുടെയും ഏജന്റുമാരല്ല. ഈ മതത്തിനായാണു ഞങ്ങളുടെ പോരാട്ടം. ഇറാനോ സൗദിക്കോ വേണ്ടിയല്ല – വിഡിയോ വ്യക്തമാക്കുന്നു. വിദേശികൾ സ്ഥിരമായി പോകുന്ന സ്ഥലങ്ങളിൽ ജാഗ്രത പാലിക്കാൻ സൗദി അറേബ്യയിലുള്ള യുഎസ് പൗരൻമാർക്ക് യുഎസ് എംബസ്സി കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു.

ഇറാൻ പാർലമെന്റിലും പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനിയുടെ കബറിടത്തിലും ഐഎസ് ഭീകരർ നടത്തിയ ചാവേർ ഭീകരാക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed