അവയവദാനത്തിനായി വ്യാജരേഖ ചമയ്ക്കുന്ന വൻ റാക്കറ്റ് പിടിയിൽ; അഞ്ച് പേർ എറണാകുളം റൂറൽ പോലീസ് കസ്റ്റഡിയിൽ
ശാരിക l കേരളം
കൊച്ചി: എറണാകുളത്ത് അവയവദാനത്തിനായി വ്യാജരേഖകൾ നിർമ്മിച്ചു നൽകുന്ന വൻ സംഘത്തെ പോലീസ് പിടികൂടി. കാസർഗോഡ് സ്വദേശി നജീബ് നിയന്ത്രിച്ചിരുന്ന റാക്കറ്റിലെ അഞ്ച് പേരാണ് നിലവിൽ പിടിയിലായത്. നജീബിനെ സഹായിച്ചിരുന്ന കുന്നത്തുനാട് സൺ കമ്മ്യൂണിക്കേഷൻസ് ഉടമ സണ്ണി വർഗീസ്, ഭാര്യ സിനി വർഗീസ്, സ്റ്റുഡിയോ ജീവനക്കാരൻ സനോജ് എന്നിവരടക്കം അഞ്ചു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അവയവദാന പ്രക്രിയയ്ക്ക് ആവശ്യമായ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, ജനപ്രതിനിധികളുടെ ശുപാർശ കത്തുകൾ, ഡോക്ടർമാരുടെയും പ്രമുഖ ആശുപത്രികളുടെയും വ്യാജ സീലുകൾ എന്നിവ നിർമ്മിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. നജീബ് അയച്ചുനൽകുന്ന മാറ്ററുകൾ ഫോട്ടോഷോപ്പ് ഉപയോഗിച്ച് കൃത്രിമമായി രേഖകളാക്കി മാറ്റുകയാണ് സണ്ണി വർഗീസിന്റെ സ്ഥാപനത്തിൽ ചെയ്തിരുന്നത്. ഇതിനായി ഡിജിറ്റൽ ഇടപാടുകൾ വഴിയും അല്ലാതെയും നജീബ് പ്രതികൾക്ക് പണം നൽകിയിരുന്നതായി കണ്ടെത്തി.
പള്ളിക്കരയിലെ കമ്പ്യൂട്ടർ സെന്ററുകൾ കേന്ദ്രീകരിച്ച് റൂറൽ പോലീസ് നടത്തിയ വ്യാപക പരിശോധനയിലാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി സംഘം വ്യാജരേഖകൾ നിർമ്മിക്കുന്നുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. സണ്ണി വർഗീസിന്റെ ഡിടിപി സെന്ററിൽ നിന്നും സ്റ്റുഡിയോയിൽ നിന്നും സ്വകാര്യ ആശുപത്രികളുടെ ബ്ലാങ്ക് ലെറ്ററുകൾ, വ്യാജ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, മെഡിക്കൽ ലാബുകളുടെ ലെറ്ററുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. സ്റ്റുഡിയോ ജീവനക്കാരനായ സനോജാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് രേഖകളിൽ കൃത്രിമം വരുത്താൻ സഹായിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
sdfsdf

