ഡിസംബർ 1 മുതൽ വൻ ഓഫറുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ
ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്‌എൻഎൽ ഡിസംബർ 1 മുതൽ നിരവധി പ്ലാനുകൾ നവീകരിക്കുന്നു. പോസ്റ്റ്‌പെയ്ഡ് പ്ലാനുകളായ 199 രൂപ, 798 രൂപ, 999 രൂപ എന്നിവയ്ക്ക് ഡേറ്റാ റോൾഓവർ, ആഡ്-ഓൺ ആനുകൂല്യങ്ങൾ കൊണ്ടുവരാനാണ് പോകുന്നത്. 28 ദിവസത്തെ കാലാവധിയിൽ നിന്ന് 100 ദിവസത്തെ കാലാവധി നൽകുന്നതിന് 106, 107 രൂപ പ്ലാനുകൾ പരിഷ്കരിക്കാനും പോകുന്നു. ബിഎസ്എൻഎലിന്റെ പുതിയ നീക്കം ആദ്യം റിപ്പോർട്ട് ചെയ്തത് കേരള ടെലികോം ആണ്.
ബിഎസ്‌എൻഎല്ലിന്റെ 106 രൂപ, 107 രൂപ പ്രീപെയ്ഡ് പ്ലാനുകളും പുതുക്കുന്നുണ്ട്. ഡിസംബർ 1 മുതൽ 28 ദിവസത്തിൽ നിന്ന് 100 ദിവസത്തേക്ക് അതിന്റെ കാലാവധി വർധിപ്പിക്കും. 106 രൂപ, 107 രൂപ പ്ലാനിൽ 3 ദിവസത്തേക്ക് 3 ജിബി സൗജന്യ ഡേറ്റ ഉപയോഗിക്കാം. മുംബൈയും ഡൽഹിയും ഉൾപ്പെടെയുള്ള ദേശീയ റോമിങ് ഉള്ള ഏതെങ്കിലും നെറ്റ്‌വർക്കിലേക്ക് 100 മിനിറ്റ് സൗജന്യ വോയ്‌സ് കോൾ ചെയ്യാം. 100 ദിവസത്തെ പ്ലാനിൽ 60 ദിവസത്തേക്ക് സൗജന്യ ബിഎസ്‌എൻഎൽ ട്യൂണുകളും ലഭിക്കും. മുൻപ് എഫ്‌ആർസി 106 എന്ന് പേരിലുണ്ടായിരുന്നു 106 രൂപ പ്രീപെയ്ഡ് പ്ലാനിനെ പ്രീമിയം പെർ സെക്കൻഡ് പ്ലാൻ എന്നും എഫ്‌ആർസി 107 പ്രീമിയം പെർ മിനിറ്റ് പ്ലാൻ എന്നും ഡിസംബർ 1 മുതൽ പുനർനാമകരണം ചെയ്യും. പാൻ-ഇന്ത്യാ അടിസ്ഥാനത്തിൽ പ്ലാനുകൾ പരിഷ്കരിക്കും. പുതിയ പ്രീപെയ്ഡ് ഉപഭോക്താക്കളെ ചേർക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതികൾ.
പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്‌എൻഎൽ 25 ശതമാനം ഇളവാണ് നൽകുന്നത്. നിലവിലുള്ളതും കാര്യമായി സർവീസ് ഉപയോഗിക്കാത്തതുമായ ഉപഭോക്താക്കൾക്ക് 187, 1477 എന്നിവയ്ക്ക് ബിഎസ്‌എൻഎൽ 25 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. ഗ്രേസ് പിരീഡ് ഓഫർ രണ്ട് പ്ലാനിനും ലഭ്യമാണ്. അതായത് സിം കാലാവധി കഴിഞ്ഞ് 172 ദിവസത്തിനുശേഷം ഈ ഓഫർ ഉപയോക്താക്കൾക്ക് ലഭിക്കും. ഉപയോക്താക്കൾക്ക് അവരുടെ സേവനങ്ങൾ പുനഃസ്ഥാപിക്കാൻ എസ്ടിവി 187 അല്ലെങ്കിൽ പിവി 1477 ഉപയോഗിച്ച് റീചാർജ് ചെയ്യാൻ കഴിയും. ഈ ഓഫർ നവംബർ 30 വരെ ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും ലഭ്യമാണ്. ബിഎസ്‌എൻഎൽ എസ്‌ടിവി 187 പ്ലാനിൽ പരിധിയില്ലാത്ത വോയ്‌സ് കോളുകൾ നൽകും. മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള സർക്കിളുകളിൽ ലോക്കൽ, എസ്ടിഡി, റോമിങ് സേവനങ്ങൾ ലഭിക്കും. പ്രതിദിനം 2 ജിബി ഡേറ്റയും നല്‍കുന്നു. 2 ജിബിക്ക് ശേഷം ഡേറ്റാ വേഗം 80 കെബിപിഎസായി കുറയ്ക്കും. പ്രതിദിനം 100 എസ്എംഎസും നൽകുന്നുണ്ട്. പിവി 1499 പ്ലാനിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ എംടിഎൻഎൽ നെറ്റ്‌വർക്ക് റോമിങ് ഏരിയ ഉൾപ്പെടെ ഹോം, നാഷണൽ റോമിങ് എന്നിവയിൽ പരിധിയില്ലാത്ത സൗജന്യ വോയ്‌സ് കോളുകൾ ഓഫർ ചെയ്യുന്നു. ഈ പ്ലാനിൽ പ്രതിദിനം 100 സൗജന്യ എസ്എംഎസും നൽകുന്നു. മാത്രമല്ല, ഈ പ്ലാനിൽ 24 ജിബിയുടെ അധിക സൗജന്യ ഡേറ്റ നൽകുന്നു. പ്ലാനിന്റെ കാലാവധി 365 ദിവസമാണ്. ആക്ടീവല്ലാത്ത ഉപയോക്താക്കൾക്കുള്ള ഇവളുകൾ പ്രകാരം ഈ പ്ലാൻ 1199 രൂപയ്ക്ക് ലഭിക്കും. ഇത് എല്ലാ ഉപയോക്താക്കൾക്കും പ്ലാൻ വൗച്ചറായി ലഭ്യമാണ്.

