പുതിയ ആൾട്രോസ് എക്സ് എം പ്ലസ്


ന്യൂഡൽഹി: പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ‘ആൾട്രോസ്’ കൈവരിച്ച വിജയം ആഘോഷിക്കാൻ കാറിന്റെ ‘എക്സ് എം പ്ലസ്’ വകഭേദം ടാറ്റ മോട്ടോഴ്സ് പുറത്തിറക്കി. പെട്രോൾ എൻജിനുള്ള ‘ആൾട്രോസ് എക്സ് എം പ്ലസി’ന് 6.60 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. ഇക്കൊല്ലം ജനുവരിയിലാണ് ‘ആൾട്രോസു’മായി ടാറ്റ മോട്ടോഴ്സ് പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചത്.

നാലു നിറങ്ങളിലാണ് ‘ആൾട്രോസ് എക്സ് എം പ്ലസ്’ ലഭിക്കുക: ഹൈ സ്ട്രീറ്റ് ഗോൾഡ്, ഡൗൺടൗൺ റെഡ്, അവന്യൂ വൈറ്റ്, മിഡ്ടൗൺ ഗ്രേ. ആപ്ൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി സഹിതം ഏഴ് ഇഞ്ച്(അഥവാ 17.78 സെ. മീ.) ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റവും കാറിലുണ്ട്. സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച കൺട്രോൾ, വോയ്സ് അലെർട്ട്, വോയ്സ് കമാൻഡ് റക്കഗ്നീഷൻ, ആർ 16 വീൽ, സ്റ്റൈൽസമ്പന്നമായ വീൽ കവർ, റിമോട്ട് ഫോൾഡബ്ൾ കീ തുടങ്ങിയവയും ലഭ്യമാണ്.
ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ പുതിയ ‘ഐ 20’ അവതരിപ്പിച്ച പിന്നാലെയാണു ടാറ്റ മോട്ടോഴ്സ് ‘ആൾട്രോസ് എക്സ് എം പ്ലസു’മായി എത്തിയത് എന്നതും ശ്രദ്ധേയമാണ്. അരങ്ങേറ്റം കുറിച്ചു മാസങ്ങൾക്കുള്ളിൽ തന്നെ പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ ശ്രദ്ധേയ സാന്നിദ്ധ്യമായി മാറാൻ ‘ആൾട്രോസി’നു സാധിച്ചെന്നാണു വിൽപ്പന കണക്കുകൾ നൽകുന്ന സൂചന. ‘ഇംപാക്ട് 2.0’ രൂപകൽപ്പനാ ശൈലി പിന്തുടരുന്ന്, ആൽഫ ആർക്കിടെക്ചർ പ്ലാറ്റ്ഫോമിൽ സാക്ഷാത്കരിച്ച ആദ്യ കാറായ ‘ആൾട്രോസി’ന് ജി എൻ സി എ പി സുരക്ഷാ പരിശോധനയിൽ പഞ്ചനക്ഷത്ര റേറ്റിങ് കൈവരിക്കാനായതും നേട്ടമായി. കാഴ്ചയിലെ പകിട്ടിനും സുരക്ഷാ മികവിനുമൊപ്പം തീർത്തും മത്സരക്ഷമമായ വിലകളിൽ വിൽപ്പനയ്ക്കെത്തിയതുമാണ് ‘ആൾട്രോസി’നു തുണയായത്.പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിന്റെ നിലവാരം ഉയർത്തുക മാത്രമല്ല, സുരക്ഷയ്ക്കു പുത്തൻ മാനദണ്ഡം കൈവരിക്കുക കൂടിയാണ് ‘ആൾട്രോസ്’ ചെയ്തതെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് വിപണന വിഭാഗം മേധാവി വിവേക് ശ്രീവാസ്തവ കരുതുന്നു. ‘എക്സ് എം പ്ലസ്’ വകഭേദത്തിന്റെ വരവ് ‘ആൾട്രോസി’ന്റെ ആകർഷണീയത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed