എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ലാഭം 20 ശതമാനം ഉയർന്നു
മുംബൈ : കഴിഞ്ഞ സാന്പത്തിക വർഷത്തെ അവസാനപാദമായ ജനുവരി − മാർച്ചിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ എച്ച്.ഡി.എഫ്.സി ബാങ്ക് 20.3 ശതമാനം കുതിപ്പോടെ 4,799.3 കോടി രൂപയുടെ അറ്റാദായം നേടി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 3,990.09 കോടി രൂപയായിരുന്നു. വായ്പാ പലിശയും നിക്ഷേപ പലിശയും തമ്മിലുള്ള അന്തരമായ അറ്റപലിശ വരുമാനത്തിലൂടെ 10,657.7 കോടി രൂപ ബാങ്ക് നേടി. 17.7 ശതമാനമാണ് വർദ്ധന.
പലിശയിതര വരുമാനം 22.7 ശതമാനം ഉയർന്ന് 4,228.6 കോടി രൂപയിലെത്തി. 21.4 ശതമാനം ഉയർന്ന് 8,835.66 കോടി രൂപയാണ് പ്രവർത്തനലാഭം. അതേസമയം, കിട്ടാക്കടവും കിട്ടാക്കടം കുറയ്ക്കാനുള്ള നീക്കിയിരിപ്പും (പ്രൊവിഷനിംഗ്) വർദ്ധിച്ചത് ബാങ്കിന് തിരിച്ചടിയായി. മൊത്തം നിഷ്ക്രിയ ആസ്തി 1.29 ശതമാനത്തിൽ നിന്നുയർന്ന് 1.30 ശതമാനമായി. 22 ശതമാനം വർദ്ധനയോടെ 1,541.1 കോടി രൂപയാണ് കഴിഞ്ഞപാദത്തിൽ കിട്ടാക്കടം ഒഴിവാക്കാനുള്ള നീക്കിയിരിപ്പ് തുകയായി ബാങ്ക് വകയിരുത്തിയത്. നിക്ഷേപത്തിൽ 22.5 ശതമാനം, വായ്പാ വിതരണത്തിൽ 18.7 ശതമാനം എന്നിങ്ങനെയും വർദ്ധിച്ചിട്ടുണ്ട്. ഓഹരിയൊന്നിന് 13 രൂപവീതം ലാഭവിഹിതം ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
