ചരിത്രപ്രാധാന്യമുള്ള നിർമിതികളും കെട്ടിടങ്ങളും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ബഹ്റൈൻ ശക്തമാക്കും

അന്താരാഷ്ട്ര പുരാവസ്തുദിനാചരണ ഭാഗമായി രാജ്യത്തെ ചരിത്രപ്രാധാന്യമുള്ള നിർമിതികളും കെട്ടിടങ്ങളും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമായി നടപ്പാക്കുമെന്ന് ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് (ബക്ക) അറിയിച്ചു. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും മറ്റുള്ളവർക്ക് അതിനെക്കുറിച്ച് അറിവ് പകർന്നുനൽകാനുമായി വിവിധങ്ങളായ പരിപാടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രാദേശിക സമൂഹത്തിന് ഇക്കാര്യത്തിൽ ഗൗരവകരമായ പങ്കുവഹിക്കാനുണ്ട്. സാംസ്കാരികകേന്ദ്രങ്ങൾ രാജ്യത്തിന്റെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തിന്റെ അടയാളങ്ങളാണ്. അവയുടെ സംരക്ഷണം വിനോദസഞ്ചാര വ്യവസായത്തെയും ശക്തമാക്കും. യുനസ്കോ അടക്കം അംഗീകരിച്ച നിരവധി സ്മാരകങ്ങൾ രാജ്യത്തുണ്ട്. ഇത് വിദേശ വിനോദസഞ്ചാരികളെയടക്കം ആകർഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവയുടെ സംരക്ഷണം പ്രധാന അജണ്ടയായി എടുക്കും. ‘ഹെറിറ്റേജ് ചേഞ്ചസ്’ എന്ന തലവാചകത്തിലാണ് ഇക്കുറി അന്താരാഷ്ട്രദിനം ആചരിക്കുന്നത്. പുരാവസ്തു സ്മാരകങ്ങൾക്ക് കാലത്തിനനുസരിച്ചുണ്ടാകുന്ന മാറ്റം ഗൗരവമുള്ളതാണ്. അവയെ സംരക്ഷിക്കാൻ നവീനമായ മാർഗങ്ങൾ തേടേണ്ടതുണ്ട്. ഈ കേന്ദ്രങ്ങളുടെ പരിസരത്ത് താമസിക്കുന്നവരുടെ വിജ്ഞാനവും അവയുടെ സംരക്ഷണത്തിനായി ഉപയോഗിക്കും.
ചരിത്രസ്മാരകങ്ങളുടെ സൗന്ദര്യശാസ്ത്രപരമായതും സാംസ്കാരികവുമായ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതോടൊപ്പം അവയുടെ സംരക്ഷണവും പ്രധാനപ്പെട്ടതാണെന്ന് ബക്ക പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു.
rturu