സുമനസ്സുകൾ തുണയായി; 25 വർഷത്തെ ദുരിതത്തിന് ശേഷം രമേശൻ നാടണഞ്ഞു

25 വർഷം മുമ്പ് കോഴിക്കോട് നിന്ന് വിമാനം കയറിയപ്പോൾ കൺമുന്നിലുണ്ടായിരുന്ന ദൃശ്യങ്ങൾ മാത്രമേ പയ്യോളി സ്വദേശി രമേശന്റെ ഓർമയിലുണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കുശേഷം വിമാനമിറങ്ങിയപ്പോൾ നാടാകെ മാറിയതായി രമേശന് തോന്നിയിരിക്കണം. നിയമക്കുരുക്കുകൾ മൂലം 25 വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന രമേശനെ സ്വീകരിക്കാൻ ഇപ്പോൾ നാട്ടിലുള്ള ബഹ്റൈനിലെ സാമൂഹികപ്രവർത്തകൻ മനോജ് വടകര കോഴിക്കോട് എയർ പോർട്ടിൽ എത്തിയിരുന്നു. ആദ്യമൊക്കെ നാട്ടിൽ പോകണമെന്നും അമ്മയെയും സഹോദരങ്ങളെയും കാണണമെന്നും ആഗ്രഹിച്ചിരുന്നു. അതൊന്നും നടക്കാതെയായതോടെ പതുക്കെപ്പതുക്കെ എല്ലാം മറന്നു. എങ്കിലും എന്നെങ്കിലും നാട് വീണ്ടും കാണാനിടയാകുമെന്ന ഒരു സ്വപ്നം മനസ്സിന്റെ കോണിലുണ്ടായിരുന്നെന്ന് രമേശൻ പറഞ്ഞിരുന്നു. ആ സ്വപ്നമാണ് സഫലമായത്. നാട്ടിൽ ജോലിയൊന്നും ലഭിക്കാതെ പട്ടിണിയും പരിവട്ടവുമായി നടന്ന നാളുകളിലാണ് രമേശൻ കടൽ കടന്നത്. അച്ഛൻ മരിച്ചതിനാൽ കുടുംബത്തിന്റെ അവസ്ഥ ദുരിതം നിറഞ്ഞതായിരുന്നു. പെയിന്റിങ്ങായിരുന്നു പണി. വിസ കാലാവധി തീർന്നപ്പോൾ പലയിടത്തുമായി മാറിമാറി ജോലി ചെയ്തു. അക്കാലത്ത് വീടുമായി കത്തിടപാടുകൾ ഉണ്ടായിരുന്നു. പക്ഷേ, പിന്നീട് തിരിച്ചുപോക്ക് അസാധ്യമായപ്പോൾ വീടുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഇതിനിടെ കാലം കഴിഞ്ഞുപോയി. വിവാഹം കഴിക്കാനും കഴിഞ്ഞില്ല. ഇക്കാലത്തിനിടെ രോഗിയായി. സമ്പാദ്യമൊന്നുമുണ്ടാക്കാനും കഴിഞ്ഞില്ല. ചിലർ ഗ്ലോബൽ തിക്കോടിയൻ ഫോറത്തിന്റെ മജീദ് തണൽ, ഗഫൂർ തുടങ്ങിയ സാമൂഹികപ്രവർത്തകരെ വിവരമറിയിച്ചു. അവർ നജീബ് കടലായി, മനോജ് വടകര എന്നിവരുടെ സഹായം തേടി.
തുടർന്ന് ദീർഘനാൾ പ്രയത്നിച്ചാണ് തിരികെപ്പോക്കിന് ആവശ്യമായ രേഖകൾ സംഘടിപ്പിച്ചത്. നിയമക്കുരുക്കുകൾ നിരവധി ആയിരുന്നു. കോഴിക്കോട് പാസ്പോർട്ട് ഓഫിസ്, ഇന്ത്യൻ എംബസി, അംബാസഡർ പീയുഷ് ശ്രീവാസ്തവ, സുരൻ ലാൽ, വൺ ബഹ്റൈൻ സാരഥി ആന്റണി, സുധീർ തിരുനിലത്ത് തുടങ്ങിയവരെല്ലാം കൂടെ നിന്നു. ശനിയാഴ്ച രാവിലെ രമേശൻ നാട്ടിലേക്ക് തിരിച്ചു. പിറന്ന നാടും ജന്മം നൽകിയ അമ്മയും അവിടെയുണ്ട്. ബന്ധുക്കൾ സ്വീകരിക്കുമോ എന്നറിയില്ല. ഹോപ് ബഹ്റൈൻ നൽകിയ പ്രവാസി കിറ്റ് മാത്രമാണ് കൈയിലുള്ളത്.
ാൈൂാേൂ