ഐസിആർഎഫ് ഫേബർ കാസ്റ്റൽ സ്പെക്ട്ര 2022ന് ഒരുക്കങ്ങൾ ആരംഭിച്ചു

ഇന്ത്യൻ എംബസ്സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് എല്ലാ വർഷവും നടത്തി വരുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ കലാമത്സരമായ ഫേബർ കാസ്റ്റൽ സ്പെക്ട്ര 2022 ഇന്ത്യൻ സ്കൂളിൽ വെച്ച് ഡിസംബർ 9 വെള്ളിയാഴ്ച നടക്കും. ഇത് 14 മാത്തെ തവണയാണ് സ്പെക്ട്ര അരങ്ങേറുന്നത്. കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷം ഓൺലൈൻ പ്ലാറ്റ് ഫോമിലായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്. 25ഓളം വിദ്യാലയങ്ങളിൽ നടക്കുന്ന പ്രാഥമിക റൗണ്ടിൽ നിന്ന് വിജയിക്കുന്നവരാണ് ഫൈനൽ മത്സരത്തിൽ പങ്കെടുക്കുക. നാല് ഗ്രൂപ്പുകളിലായി തിരിച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഡ്രോയിംഗ് പേപ്പറും മെറ്റീരിയലുകളും സൗജന്യമായി നൽകും.
ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. കൂടാതെ എല്ലാ പങ്കാളികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും. 2023-ലേക്ക് രൂപകൽപ്പന ചെയ്യുന്ന വാൾ കലണ്ടറുകളിലും ഡെസ്‌ക്-ടോപ്പ് കലണ്ടറുകളിലും കുട്ടികളുടെ വിജയിക്കുന്ന എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും ഉൾപ്പെടുത്തും. ഈ കലണ്ടറുകൾ 2022 ഡിസംബർ 30-ന് നടക്കുന്ന ചടങ്ങിൽ ലോഞ്ച് ചെയ്യും. രണ്ടാമത്തെ ഇന്റർനാഷണൽ ഓൺലൈൻ മത്സരം ഡിസംബർ 11 ഞായറാഴ്ച നടക്കും. കഴിഞ്ഞ വർഷം 17 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 80 സ്‌കൂളുകളിൽ നിന്നുള്ള 550-ലധികം കുട്ടികൾ ഓൺലൈനിൽ നടത്തിയ കലാമത്സരത്തിൽ പങ്കെടുത്തിരുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്‌പെക്‌ട്ര കൺവീനർ അനീഷ് ശ്രീധരനെ 39401394 എന്ന നമ്പറിലോ, ജോയിന്റ് കൺവീനർ നിഥിനെ 39612819 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ, വൈസ് ചെയർമാൻ അഡ്വ വി കെ തോമസ്, അഡ്വൈസർമാരായ അരുൾദാസ് തോമസ്, ഭഗവാൻ അസർപോട്ട, സ്പെക്ട്ര കൺവീനർ അനീഷ് ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.
ോ