ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ വീണ്ടും മെഗാ ഫെയറിന് ഒരുങ്ങുന്നു

മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ സ്‌കൂൾ വീണ്ടും മെഗാ ഫെയറിന് ഒരുങ്ങുന്നു. ഇന്ത്യൻ സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ നവംബർ 23,24,25 തിയ്യതികളിലാണ് മെഗാഫെയർ നടക്കുക. ഇതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. രക്ഷിതാക്കളും അധ്യാപകരും സാമൂഹ്യപ്രവർത്തകരും അടങ്ങിയ 501 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. പി ഷാനവാസ് ജനറൽ കൺവീനറും മുഹമ്മദ് മാലിം രക്ഷാധികാരിയുമായ സ്വാഗത സംഘ കമ്മിറ്റിയിൽ ഇന്ത്യൻ സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിനിധികളും അംഗങ്ങളാണ്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏതാണ്ട് പന്ത്രണ്ടായിരം വിദ്യാർത്ഥികളാണ് ഇന്ത്യൻ സ്‌കൂളിൽ പഠിക്കുന്നത്. ഇതിൽ ആയിരത്തോളം വിദ്യാർത്ഥികൾക്ക് ഫീസ് ഇളവും മറ്റ് ആനുകൂല്യങ്ങളും നൽകി സഹായിക്കുന്നുണ്ട്. ഇതിന് വേണ്ടിയുള്ള ധനസമാഹരണത്തിനാണ് മുഖ്യമായും സ്‌കൂൾ ഫെയർ സംഘടിപ്പിക്കുന്നത്.
സ്‌കൂൾ മേളയോട് അനുബന്ധിച്ച് ഫുഡ് ഫെസ്റ്റിവലും വിദ്യാർത്ഥികളുടെ ശാസ്ത്ര പ്രദർശനവും ഉണ്ടായിരിക്കും. ആദ്യ ദിനത്തിൽ സ്‌കൂൾ യുവജനോത്സവത്തിന്റെ ഫിനാലെയാണ് നടക്കുക. രണ്ടാം ദിനത്തിൽ ഐഡിയ സ്റ്റാർ സിംഗർ ഫെയിം മൃദുല വാര്യർ നയിക്കുന്ന ദക്ഷിണേന്ത്യൻ സംഗീത പരിപാടികളും സമാപന ദിനത്തിൽ ബോളിവുഡ് ഗായിക ഭൂമി ത്രിവേദി നയിക്കുന്ന സംഗീത മേളയുമാണ് ഒരുക്കുന്നത്. വൈകുന്നേരം 6 മണി മുതൽ 11 മണി വരെയാണ് ആഘോഷ പരിപാടികൾ നടക്കുക. പ്രവാസി കുടുംബങ്ങൾക്ക് വിനോദപരിപാടികളിൽ പങ്കെടുക്കാനും ആസ്വദിക്കാനും ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ അവസരം ഒരുക്കുമെന്ന് ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി സജി ആന്റണി എന്നിവർ അറിയിച്ചു.
aaa