പൗരൻമാർക്ക് പാർപ്പിടസൗകര്യം ഒരുക്കാനൊരുങ്ങി ബഹ്റൈൻ

സ്വദേശികൾക്ക് ആവശ്യമായ പാർപ്പിടസൗകര്യം ഒരുക്കുന്നതിന് സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് ബഹ്റൈൻ മന്ത്രിസഭായോഗം വ്യക്തമാക്കി. അടിസ്ഥാന സൗകര്യവികസനം സംബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കാഴ്ചപ്പാടിലൂന്നി മുന്നോട്ടുപോകാനും അതുവഴി സ്വദേശികൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാനുമുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അറിയിച്ചു. സ്വകാര്യമേഖലയുമായി സഹകരിച്ചാണ് കൂടുതൽ പാർപ്പിടങ്ങൾ നിർമിക്കുക. ഇതുമായി ബന്ധപ്പെട്ട അനുബന്ധ നടപടികൾ സ്വീകരിക്കുന്നതിന് ഭവന മന്ത്രിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിൽ ലോസി പ്രദേശത്തുണ്ടായ മഴക്കെടുതിയിൽ ദുരിതമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി. ആശൂറ ആചരണങ്ങളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളും മന്ത്രിസഭായോഗത്തിൽ ചർച്ചാവിഷയമായി.