ബഹ്റൈനിൽ സ്വകാര്യ മേഖലയിൽ 7,000 സ്വദേശികൾക്ക് തൊഴിൽ നൽകി : ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ

2022 ആദ്യ പാദത്തിൽ സ്വകാര്യ മേഖലയിൽ 7,000 സ്വദേശികൾക്ക് തൊഴിൽ നൽകിയതായി തൊഴിൽ, സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു. സാമ്പത്തിക ഉത്തേജന പാക്കേജിന്‍റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് സ്വദേശി തൊഴിലന്വേഷകർക്ക് കൂടുതൽ അവസരങ്ങളൊരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽ വിപണിയിലെ മാറ്റങ്ങളെ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്താനും സ്വകാര്യ മേഖലയിൽ പ്രഥമ പരിഗണന സ്വദേശികൾക്ക് ലഭിക്കാനുമുള്ള പദ്ധതികളാണ് മന്ത്രാലയം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വിവിധ കമ്പനികളുമായി സഹകരിച്ചാണ് ഇത്രയും തൊഴിലവസരങ്ങൾ ലഭ്യമാക്കിയത്. തംകീൻ, എൽ.എം.ആർ.എ, ചേംബർ ഓഫ്കോമേഴ്സ്, തൊഴിലുടമകൾ എന്നിവയുടെ സഹകരണം എടുത്തുപറയേണ്ടതാണ്. സ്വദേശികളുടെ തൊഴിലവസരങ്ങളിൽ 2022ൽ ലക്ഷ്യമിട്ടതിന്‍റെ 39 ശതമാനം ആദ്യ പാദത്തിൽ തന്നെ നേടാൻ സാധിച്ചു. 2021ലെ ആദ്യ പാദത്തിലേതിനേക്കാൾ 32 ശതമാനം വർധനയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.