മുൻ ബഹ്റൈൻ പ്രവാസിയും അഭിനേതാവുമായിരുന്ന പപ്പൻ ചിരന്തന നിര്യാതനായി

പ്രമുഖ നാടക പ്രവർത്തകനും സിനിമാ സീരിയൽ നടനും മുൻ ബഹ്റൈൻ പ്രവാസിയുമായിരുന്ന പപ്പൻ ചിരന്തന (പാലങ്ങാട്ട് വീട്ടിൽ പത്മനാഭൻ ) അന്തരിച്ചു. 68 വയസായിരുന്നു പ്രായം. കണ്ണൂർ പഴയങ്ങാടിക്കടുത്തുള്ള നെരുവമ്പ്രം സ്വദേശിയാണ്. ദീർഘകാലം കോഴിക്കോട് ചിരന്തന തീയേറ്റേർസിൽ പ്രൊഫഷണൽ നാടകനടനായി പ്രവർത്തിച്ചിരുന്നു. പത്ത് വർഷത്തോളം ബഹ്റൈൻ പ്രവാസിയായിരുന്ന പരേതൻ ബഹ്റൈൻ കേരളീയ സമാജം, ബഹ്റൈൻ പ്രതിഭ തുടങ്ങിയ സംഘനകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു.
1969 ൽ കാലടി ഗോപി'യുടെ 'പാപികൾക്ക് പറുദീസ' എന്ന നാടകത്തിൽ സ്ത്രീവേഷം അണിഞ്ഞുകൊണ്ട് നാടകാഭിനയത്തിന് തുടക്കമിട്ട പപ്പൻ ചിരന്തന കണ്ണൂർ നിത്യ, കണ്ണൂർ ദൃശ്യ തുടങ്ങിയ ബാലെ ട്രൂപ്പുകളിൽ പുരാണ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും നിരവധി റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്. നിരവധി തെരുവു നാടകങ്ങളും, ചൊൽക്കാഴ്ചകളും വിവിധ കലാസമിതികൾക്കു വേണ്ടി അവതരിപ്പിച്ച ഇദ്ദേഹം 1984 മുതൽ കോഴിക്കോട് ചിരന്തനയിൽ നടനായും ടീം മാനേജരായും 10 വർഷം പ്രവർത്തിച്ചു. കെ എം ധർമ്മൻ, നെല്ലിക്കോട് ഭാസ്കരൻ, ഇബ്രാഹിം വേങ്ങര, ബാലൻ കെ നായർ, ജോസ് ചിറമ്മൽ, കെ ടി മുഹമ്മദ്, കണ്ണൂർ വാസൂട്ടി, ശ്രീധരൻ നീലേശ്വരം, ശിവജി ഗുരുവായൂർ, മുഹമ്മദ് പേരാമ്പ്ര, സാവിത്രി ശ്രീധരൻ, ബാലുശ്ശേരി സരസ, സീനത്ത് എന്നിവരോടൊപ്പം പ്രവർത്തിച്ചു. 3000ൽ അധികം വേദികളിൽ അഭിനയിച്ചു. ഇവർ ഇന്ന് വിവാഹിതരാകുന്നു, മാധവി വർമ്മ, തട്ടകം, തീക്കനൽ, പടനിലം, മേടപ്പത്ത്, രാജസഭ, പകിട പന്ത്രണ്ട് തുടങ്ങിയ നാടകങ്ങളായിരുന്നു ചിരന്തനയിൽ അവതരിപ്പിച്ചു കൊണ്ടിരുന്നത്.
1994 ൽ ബഹ്‌റൈനിൽ പ്രവാസ ജീവിതം ആരംഭിച്ച പപ്പൻ ചിരന്തന പ്രകാശ് വടകരയും ജയമേനോനും നേതൃത്വം നൽകിയ 'പ്രേംനസീർ നാടകവേദിക്കു വേണ്ടി, പ്രകാശ് വടകരയുടെ സംവിധാനത്തിൽ ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ അവതരിപ്പിച്ച തേവാരം എന്ന നാടകത്തോടെ ആയിരുന്നു ബഹ്‌റൈനിലെ നാടക ജീവിതത്തിന്റെ തുടക്കം കുറിച്ചത്. പ്രേംനസീർ നാടകവേദിയുടെ തന്നെ 'അഗ്നിഹോത്രം' 'സമാവർത്തനം', 'ആതിരനിലാവ്' തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. ജി എ നായരുടെ സംവിധാനത്തിൽ 'ബഹ്‌റൈൻ പ്രതിഭ' അവതരിപ്പിച്ച മേടപ്പത്ത്, യന്ത്രപ്പാവകൾ, രാജസഭ തുടങ്ങിയ നാടകങ്ങളിലും മോഹൻരാജിന്റെ സംവിധാനത്തിൽ ട്രൂത്ത് ഇന്ത്യാ ടി വി ചാനൽ, എസ് എം എസ് വഴി വന്ന പ്രണയം, കേളു, മൊസാർട്ട് സലേറി എന്നീ നാടകങ്ങളിലും അഭിനയിച്ചു. കേളുവിലെ അഭിനയത്തിന് കേരളീയ സമാജത്തിന്റെ നാടക മത്സരത്തിൽ സഹനടനുള്ള അവാർഡ് നേടി. ബഹ്‌റൈൻ അജന്താ തീയേറ്റേഴ്സ്ന്റെ ബാനറിൽ രാധാകൃഷ്ണൻ കൊടുങ്ങല്ലൂരിന്റെ സംവിധാനത്തിൽ എൻ എൻ പിള്ളയുടെ ഡാം എന്ന നാടകത്തിൽ അഭിനയിച്ചു. ചെമ്പകരാമൻ, കൊസ്രാക്കൊള്ളി എന്നീ നാടകങ്ങൾ ബഹ്‌റൈൻ പ്രതിഭയ്ക്ക് വേണ്ടി സംവിധാനം ചെയ്തിട്ടുണ്ട്.
1947ൽ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ രൂപീകരണ സമയത്ത് അവതരിപ്പിച്ച എൻ പി ചെല്ലപ്പൻ നായരുടെ 'വികടയോഗി' എന്ന നാടകം 63 വർഷങ്ങൾക്ക് ശേഷം 2010 ൽ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വേദിയിൽ സംവിധാനം ചെയ്ത് അവതരിപ്പിക്കാനും ഇദ്ദേഹത്തിന് അവസരം ലഭിച്ചു. കാർമൻ, വിമുക്തി, മാധവി, വിഷുക്കണി തുടങ്ങിയ നാടകങ്ങളും കേരളീയ സമാജത്തിന് വേണ്ടി സംവിധാനം ചെയ്തു. ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ബി കെ എസ് - ജി സി സി റേഡിയോ നാടക മത്സരത്തിൽ 'എന്റെ പുള്ളിപ്പൈ കരയുന്നു' എന്ന നാടകത്തിന് ഏറ്റവും നല്ല നടനുള്ള ബഹുമതി ലഭിച്ചിരുന്നു. നാടകാഭിനയത്തിന്റെ നാൽപ്പതു വർഷം പൂർത്തിയാകുന്നതിന്റെ ആദരവായി 2010 ൽ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ, പി എൻ മോഹൻ രാജിന്റെ സംവിധാനത്തിൽ അവതരിപ്പിച്ച ഗോദയെ കാത്ത് എന്ന നാടകത്തിൽ ലക്കി എന്ന കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചു. മേടപ്പത്ത്, നമ്മളൊന്ന്, രാജസഭ, പടനിലം, കാക്കപ്പൊന്ന്, അവസാനത്തെ മുറി എന്നീ നാടകങ്ങൾ വിവിധ കലാസമിതികൾക്കു വേണ്ടി സംവിധാനം ചെയ്തത്തോടൊപ്പം ഇബ്രാഹിം വേങ്ങരയുടെ ബദ്‌റുൽ മുനീർ ഹുസ്‌നുൽ ജമാൽ എന്ന നാടകത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
എൻഡോ സൾഫാൻ ഇരകളുടെ കഥ പറയുന്ന അമീബ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം കൈകാര്യ ചെയ്തിരുന്ന പപ്പൻ ചിരന്തന നിരവധി അമേച്വർ നാടകങ്ങളുടെ സംവിധായകനും ഷോർട്ട് ഫിലിം അഭിനേതാവുമായിരുന്നു. സ്നേഹവീട്, ചന്ദ്രഗിരി, പ്രഭുവിന്റെ മക്കൾ, പേടിത്തൊണ്ടൻ, ചായില്ല്യം, അമീബ തുടങ്ങിയ സിനിമകളിലും പരിണയം, ഭാഗ്യദേവത, ചാവറയച്ചൻ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. ഒറ്റമൈന എന്ന ഷോർട്ട് ഫിലിമിലും അഭിനയിച്ചിരുന്നു.
2011 ൽ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയ പരേതൻ ഏഴോം ഫൈനാർട്ട്സ് സൊസൈറ്റിയുടെ (ഫെയ്സ് ) സെക്രട്ടറി, നെരുവമ്പ്രം ജനകീയ കലാസമിതിയുടെ സെക്രട്ടറി, ഗാന്ധി സ്മാരക ഗ്രന്ഥാലയത്തിന്റെ പ്രവർത്തക സമിതി അംഗം, പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ഏഴോം യൂണിറ്റ് സെകട്ടറി, സിപിഐഎം നെരുവമ്പ്രം ബ്രാഞ്ച് അംഗം, നാടക് ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
വി.വി.ദാക്ഷായണിയാണ് ഭാര്യ. അമ്മ പി.വി. ജാനകി. പ്രീത, പ്രവീൺ (ബഹ്റിൻ ) എന്നിവരാണ് മക്കൾ. മരുമക്കൾ കെ.സി.രാജൻ, രേവതി. പി.വി.ലളിത, പി.വി.രാമദാസൻ, പി.വി.ശിവദാസൻ എന്നിവരാണ് സഹോദരങ്ങൾ.
പപ്പൻ ചിരന്തനയുടെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജം അനുശോചനവും അഗാധമായ ദുഖവും രേഖപ്പെടുത്തി.