കേരളപിറവിദിനം ആഘോഷിച്ച് സമാജം മലയാളം പാഠശാല

മനാമ
കേരളത്തിൽ ജീവിക്കുന്ന മലയാളിയേക്കാൾ ഭാഷാഭിമാനമുള്ളവരാണ് പ്രവാസി മലയാളികളെന്ന് പ്രശസ്ത കവിയും പ്രഭാഷകനുമായ കൽപ്പറ്റ നാരയണൻ അഭിപ്രായപ്പെട്ടു. ബഹറൈൻ കേരളീയ സമാജത്തിന്റെ മലയാളം പാഠശാലയുടെ നേതൃത്വത്തിൽ നടന്ന കേരളപ്പിറവി ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മലയാളം മിഷൻ ഡയറക്ടർ ഡോ.സുജ സൂസൺ ഓൺലൈനിൽ ആശംസകൾ അറിയിച്ച പരിപാടിയിൽ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര ആശംസയും പാoശാല പ്രിൻസിപ്പൾ ബിജു എം സതിഷ് നന്ദിയും പറഞ്ഞു. നന്ദകുമാർ എടപ്പാൾ, മിഷ നന്ദകുമാർ, ലത മണികണ്ഠൻ തുടങ്ങിയവർ പരിപാടികളുടെ ഏകോപനം നിർവ്വഹിച്ചു.
തുടർന്നു പാoശാല അദ്ധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ മോഹിനിയാട്ടം, തിരുവാതിര, സംഘഗാനം, കാർഷിക നൃത്തം, കുട്ടികളുടെ നാടകം, സെമി ക്ലാസിക്കൽ നൃത്തം,കുഞ്ഞുണ്ണി മാഷിൻ്റെ കവിതകളുടെ ആവിഷ്ക്കാരം തുടങ്ങിയ കലാപരിപാടികളും നടന്നു.