ബഹ്റൈൻ പ്രതിഭയുടെ പ്രഥമ നാടക പുരസ്കാരം രാജശേഖരൻ ഓണംതുരുത്തിന്

മനാമ; ബഹ്റൈൻ പ്രതിഭയുടെ പ്രഥമ നാടകപുരസ്കാരത്തിന് പ്രമുഖ നാടക രചയിതാവും സംവിധായകനുമായ രാജശേഖരൻ ഓണംതുരുത്ത് അർഹനായി. 'ഭഗവാന്റെ പള്ളിനായാട്ട്' എന്ന നാടകമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് അവാർഡ് നിർണയ സമിതി ചെയർമാൻ പ്രഫ. കെ. സച്ചിദാനന്ദന്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും സര്‍ട്ടിഫിക്കറ്റും പ്രതിഭ നാടകവേദി പ്രത്യകം തയാറാക്കിയ ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബർ മാസം പുരസ്കാരം സമ്മാനിക്കും. 2019നുശേഷം രചിച്ച പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കപ്പെടാത്തതുമായ മൗലികമായ മലയാള നാടകരചനകളാണ് അവാര്‍ഡിനായി ക്ഷണിച്ചത്. 21 രചനകളില്‍നിന്നാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, പ്രതിഭ ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍, പ്രസിഡൻറ് കെ.എം സതീഷ്, നാടകവേദിയുടെ ചുമതലയുള്ള രക്ഷാധികാരി സമിതി അംഗം എം.കെ. വീരമണി, നാടക വേദി കണ്‍വീനര്‍ മനോജ് തേജസ്വിനി എന്നിവർ ഇതുസംബന്ധിച്ചുള്ള വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.