സ്വകാര്യമേഖല ജീവനക്കാരുട ശമ്പളം ബാങ്ക് അക്കൗണ്ടിലേയ്ക്ക് എത്തിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം സെപ്റ്റംബർ ഒന്ന് മുതൽ

മനാമ; രാജ്യത്ത് സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുട ശമ്പളം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് എത്തിക്കുന്ന വേതന സംരക്ഷണ സംവിധാനത്തിന്റെ രണ്ടാം ഘട്ടം സെപ്റ്റംബർ ഒന്നിന് നടപ്പിൽ വരുമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജമാൽ അബ്ദുൽ അസീസ് അൽ അലാവി അറിയിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടം ഈ വർഷം മെയ് ഒന്നിനാണ് നിലവിൽ വന്നത്. രണ്ടാം ഘട്ടത്തിൽ 50 മുതൽ 499 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് പദ്ധതിയിൽ വരുന്നത്. 1328 തൊഴിലുടമകളും 163,000 ജീവനക്കാരുമാണ് ഈ ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകുന്നത്. ഒന്നാം ഘട്ടത്തിൽ 85 തൊഴിലുടമകളും 93000 ജീവനക്കാരുമാണ് പദ്ധതിയുടെ ഭാഗമായത്. അടുത്ത വർഷം ജനുവരി ഒന്നിന് നടപ്പിൽ വരുന്ന അവസാന ഘട്ടത്തിൽ ഒന്ന് മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളും വേതന സംരക്ഷണ സംവിധാനത്തിൽ ചേരും. പുതിയ സംവിധാനമനുസരിച്ച് അക്കൗണ്ട് തുറക്കാൻ കഴിയുന്ന ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പട്ടിക എൽ.എം.ആർ.എ വെബ്സൈറ്റിൽ ലഭ്യമാണ്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ തൊഴിലുടമകൾ കൃത്യമായി ശമ്പളം നൽകുന്നുവെന്ന് ഉറപ്പാക്കാൻ കഴിയും.