ബഹ്റൈനിൽ നിന്ന് നാട്ടിലേയ്ക്ക് പോകുന്നവർക്ക് എയർ ഇന്ത്യ യാത്ര ബുദ്ധിമുട്ടാകുന്നു
മനാമ:
ബഹ്റൈനിൽ നിന്ന് നാട്ടിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ നൽകുന്നത് ദുരിതപർവമാണെന്ന് അനുഭവസ്ഥർ. നിലവിലെ നിർദേശ പ്രകാരം നാട്ടിലേയ്ക്ക് യാത്ര ചെയ്യുന്നതിന് എഴുപ്പത്തിരണ്ട് മണിക്കൂർ മുന്പ് കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. ഇതിൽ നിർഭാഗ്യവശാൽ കോവിഡ് പരിശോധനയിൽ പൊസിറ്റാവായാൽ യാത്ര ചെയ്യാൻ സാധിക്കില്ല. അതേസമയം ഇങ്ങിനെ യാത്ര ചെയ്യാൻ പറ്റാത്തവരുടെ ടിക്കറ്റ് റീഫണ്ട് ചെയ്യാനോ, മറ്റൊരു തീയ്യതിയിലേയ്ക്ക് മാറ്റാനോ എയർ ഇന്ത്യ യാത്രക്കാർക്ക് സാധിക്കുന്നില്ല. ഉന്നത മാനേജുമെന്റുമായി ഇടപ്പെട്ട് തീയ്യതി മാറ്റി കിട്ടിയാൽ തന്നെ അധികം പണമടക്കേണ്ടി വരുന്ന സാഹചര്യവും നിലനിൽക്കുന്നു. അതേസമയം ബഹ്റൈനിൽ നിന്ന് പോകുന്ന ഗൾഫ് എയർ, എയർ അറേബ്യ, എമിറേറ്റ്സ് തുടങ്ങിയ വിമാനങ്ങളിൽ ഈ ബുദ്ധിമുട്ട് നേരിടുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഈ പ്രശ്നത്തിൽ സാമൂഹ്യപ്രവർത്തകർ സജീവമായി ഇടപ്പെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

