"ജീവിത വിജയത്തിന് ഖുർആൻ" ക്യാമ്പയിൻ മനാമ ഏരിയ ഉദ്ഘാടനം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: "ജീവിത വിജയത്തിന് ഖുർആൻ" എന്ന പ്രമേയത്തിൽ ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ഏകമാസ കാമ്പയിന്റെ മനാമ ഏരിയ തല ഉദ്ഘാടനം സിഞ്ചിലെ ഫ്രൻഡ്‌സ് സെൻ്ററിൽ നടന്നു. ഒക്ടോബർ 15 മുതൽ നവംബർ 20 വരെ നീളുന്ന ക്യാമ്പയിൻ്റെ ഉദ്ഘാടനം കേന്ദ്ര പ്രസിഡൻ്റ് സുബൈർ എം.എം നിർവഹിച്ചു.
മനുഷ്യജീവിതത്തിലെ എല്ലാ മേഖലകളിലും സമ്പൂർണ്ണ വിജയം കൈവരിക്കാൻ വിശുദ്ധ ഖുർആനിക അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തുകയാണ് ഏക പോംവഴിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സുബൈർ എം.എം അഭിപ്രായപ്പെട്ടു. തുടർന്ന് നടന്ന് വിഷയാവതരണത്തിൽ ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ വൈസ് പ്രസിഡൻ്റ് ജമാൽ നദ്‍വി മുഖ്യപ്രഭാഷണം നടത്തി. നിത്യജീവിതത്തിലെ പ്രതിസന്ധികളെയും മാനസിക സംഘർഷങ്ങളെയും അതിജീവിക്കാൻ ഖുർആൻ നൽകുന്ന മാർഗനിർദ്ദേശങ്ങൾ ഏറെ സഹായകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൗതിക നേട്ടങ്ങൾക്കൊപ്പം ആത്മീയമായ സമാധാനവും കൈവരിക്കുമ്പോഴാണ് യഥാർഥ ജീവിത വിജയം സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനാമ ഏരിയ ആക്ടിംഗ് പ്രസിഡന്റ് റിയാസ് യു.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ സാമൂഹിക നേതാക്കളായ കെ.പി. മുസ്തഫ, ഫൈസൽ കോട്ടപ്പള്ളി, സലിം തളങ്കര (കെ.എം.സി.സി) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തഹിയ്യ ഫാറൂഖിൻ്റെ ഖുർആൻ പാരായണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഏരിയാ ജോയിന്റ് സെക്രട്ടറി ഫാറൂഖ് വി.പി സ്വാഗതവും ഏരിയാ സെക്രട്ടറി ശമീം ജൗദർ നന്ദിയും പറഞ്ഞു. ചടങ്ങിന് മാറ്റുകൂട്ടി ഗഫൂർ മൂക്കുതല ഗാനമാലപിച്ചു.
xgg

