ബഹ്റൈൻ യാത്രാ പ്രതിസന്ധി തുടരുന്നു; ആവശ്യക്കാർ ഇരുട്ടിൽ തന്നെ
മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബിൾ കരാർ നിലവിൽ വന്നിട്ട് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും യാത്രാ സംബന്ധമായ കാര്യങ്ങളിൽ യാതൊരു വ്യക്തതയുമില്ലാതെ ഇരുട്ടിൽ തപ്പുകയാണ് സാധാരണ യാത്രക്കാർ. എയർ ഇന്ത്യയിൽ ഒക്ടോബർ 23 വരെ ഷെഡ്യൂൾ ചെയ്തിരിക്കുന്ന സീറ്റുകൾ മുഴുവനും ബുക്ക് ചെയ്തതായിട്ടാണ് ട്രാവൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ അറിയിക്കുന്നത്. അതേസമയം ഗൾഫ് എയറിൽ ആണെങ്കിൽ ടിക്കറ്റുകൾ ഓൺലൈനിലൂടെയോ ട്രാവൽ ഏജൻസികൾ വഴിയോ സാധാരണക്കാർക്ക് ബുക്ക് ചെയ്യാൻ സാധിക്കുന്നുമില്ല. എന്നാൽ ഒക്ടോബർ 25 മുതൽക്കുള്ള ബുക്കിങ്ങുകൾ ഗൾഫ് എയർ സൈറ്റിൽ ഇന്നലെ രാത്രി മുതൽ കാണിക്കുന്നുണ്ട്. അതേസമയം ഇത് എയർ ബബിൾ കരാർ പ്രകാരമുള്ളതാണോ അതോ സാധാരണ സർവീസുകളാണോ എന്നതും വ്യക്തമല്ല.
എയർബബിൾ കരാർ വരുന്നതിന് മുന്പ് സമാനമായ തരത്തിൽ ടിക്കറ്റുകൾ എടുത്തവർക്ക് ഇപ്പോൾ യാത്രയുടെ തീയതി അടുക്കുന്പോൾ കാൻസലേഷൻ സന്ദേശങ്ങളാണ് ലഭിക്കുന്നത്. ഇതേ അവസ്ഥ ആയിരിക്കുമോ ഒക്ടോബർ 25ന് ശേഷം ബുക്ക് ചെയ്താൽ ഉണ്ടാവുക എന്ന ആശങ്കയിലാണ് പലരും. ആശങ്കകളും അഭ്യൂഹങ്ങളും നിലനിൽക്കുന്പോൾ അത്യാവശ്യക്കാരായ പലരും ദുബൈവഴി ബഹ്റൈനിലെത്താനുള്ള മാർഗമാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്ന് മനസിലാക്കുന്നു. ഇത് സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങൾ ബഹ്റൈനിലെ സാമൂഹ്യപ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും സജീവമാണ്.
