'ഒരു ജില്ല ഒരു ഉൽപ്പന്നം' പ്രദർശനം ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ ആരംഭിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഉത്തരാഖണ്ഡ്, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളുടെ ടൂറിസം ആകർഷണങ്ങളും 'ഒരു ജില്ല ഒരു ഉൽപ്പന്നം' (ODOP) പദ്ധതി പ്രകാരമുള്ള ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്ന സ്റ്റാളുകൾ ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ആണ് എംബസിയിലെ കോൺസുലാർ ഹാളിൽ സ്റ്റാളുകൾ ഉദ്ഘാടനം ചെയ്തത്.
ബഹ്‌റൈനിലെ ഉത്തരാഖണ്ഡ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഈ സ്റ്റാളുകളിൽ അതത് പ്രദേശങ്ങളിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളെയും തനത് ഉൽപ്പന്നങ്ങളെയും എടുത്തു കാണിക്കുന്നു.
'ഫോക്കസ് സ്റ്റേറ്റ്/യൂണിയൻ ടെറിട്ടറി' എന്ന ഇന്ത്യൻ എംബസിയുടെ സംരംഭത്തിന്റെ ഭാഗമായാണ് ഈ പ്രദർശനം സംഘടിപ്പിച്ചത്. ഓരോ സംസ്ഥാനത്തെയും ടൂറിസം, ഒ.ഡി.ഒ.പി ഉൽപ്പന്നങ്ങൾ ഏകദേശം രണ്ട് മാസക്കാലയളവിൽ ഈ രീതിയിൽ പ്രദർശിപ്പിക്കാറുണ്ട്. രാജസ്ഥാൻ, കശ്മീർ, ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക, പഞ്ചാബ് ഉൾപ്പെടെയുള്ള 13 സംസ്ഥാനങ്ങളെ ഇതിനോടകം എംബസി ഫീച്ചർ ചെയ്തു കഴിഞ്ഞു.
കൂടാതെ, നവംബർ 15 മുതൽ ഡിസംബർ 5 വരെ കുരുക്ഷേത്രയിൽ നടക്കുന്ന അന്താരാഷ്ട്ര ഗീതാ മഹോത്സവം 2025 സാംസ്കാരിക ഉത്സവത്തെക്കുറിച്ചുള്ള പ്രത്യേക ബാനറുകളും എംബസി പ്രദർശിപ്പിച്ചു.
edadas
