കള്ളപ്പണം വെളുപ്പിക്കൽ തടയാൻ കർശന നിയമങ്ങൾ: ബഹ്‌റൈനിൽ സ്വർണ്ണ വ്യാപാരികൾക്കും ഓഡിറ്റർമാർക്കും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ
പ്രദീപ് പുറവങ്കര
മനാമ: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിനുള്ള ധനസഹായം, അനധികൃത ധനകാര്യ ഇടപാടുകൾ എന്നിവ തടയുന്നതിനുള്ള പരിഷ്കരിച്ച നിയമങ്ങൾ ബഹ്‌റൈനിൽ നിലവിൽ വന്നു. സ്വർണ്ണാഭരണ വ്യാപാരികളെയും ബാഹ്യ ഓഡിറ്റർമാരെയും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയന്ത്രണങ്ങൾ. വ്യവസായ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ 2025-ലെ നമ്പർ 105 എന്ന ഉത്തരവ്, ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് തൊട്ടടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും. സ്വർണ്ണവും ആഭരണങ്ങളും വിൽക്കുന്നതിനോ വ്യാപാരം ചെയ്യുന്നതിനോ ലൈസൻസുള്ള സ്ഥാപനങ്ങൾക്കും, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം പ്രത്യേക പ്രവർത്തനങ്ങൾ നടത്തുന്ന ഓഡിറ്റർമാർക്കും ഈ ഉത്തരവ് ബാധകമാണ്.
പുതിയ നിർദേശ പ്രകാരം 2000 ദിനാറിൽ കൂടുതലുള്ള ഏത് പണമിടപാടിനും ഉപഭോക്താവിന്റെ തിരിച്ചറിയൽ രേഖയുടെ പകർപ്പ് നിർബന്ധമായും എടുത്തിരിക്കണം. ഇടപാടുകളുടെ രേഖകൾ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് സൂക്ഷിക്കണം. ക്ലയന്റിന്റെ വിവരങ്ങൾ, വിൽപന മൂല്യം, സാധനങ്ങളുടെ വിവരണം, വിൽപന തീയതി എന്നിവ വ്യക്തമാക്കുന്ന രസീത് ഉപഭോക്താവിന് നൽകിയിരിക്കണം.
ഓഡിറ്റർമാർ തങ്ങളുടെ ക്ലയന്റുകളെയും ബിസിനസിന്റെ യഥാർത്ഥ ഉടമകളെയും സംബന്ധിച്ച് ഡ്യൂ-ഡിലിജൻസ് പരിശോധനകൾ നടത്തേണ്ടതുണ്ട്. ബിസിനസ് ബന്ധങ്ങളും ഒറ്റത്തവണ ഇടപാടുകളും നിരീക്ഷിച്ച് ആഭ്യന്തര നിയന്ത്രണങ്ങൾ സ്ഥാപിക്കാനും പുതിയ നിയമങ്ങൾ നിർദ്ദേശിക്കുന്നു. രാജ്യത്തെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനും, നിയമവിരുദ്ധമായ ധനകാര്യ ഇടപാടുകൾ തടയാനുമാണ് ഈ പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
fsfd
