മലയാളികൾ മാതൃക: ബഹ്‌റൈൻ എം.പി ഷെയ്ഖ് ബദർ അൽ തമീമി
പ്രദീപ് പുറവങ്കര
മനാമ: ജന്മനാട്ടിലെ മത, സാംസ്കാരിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിലും കായികക്ഷമത നിലനിർത്തുന്നതിലും ബഹ്‌റൈനിലെ മലയാളി സമൂഹം പുലർത്തുന്ന ശ്രദ്ധയെ ബഹ്‌റൈൻ പാർലമെന്റ് മെമ്പർ ഷെയ്ഖ് ബദർ സ്വാലിഹ് അൽ തമീമി പ്രശംസിച്ചു. റയ്യാൻ സെന്ററും അൽ മന്നായി മലയാള വിഭാഗവും സംയുക്തമായി ഹമല സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 'റയ്യാൻ സ്പോർട്സ് ഫെസ്റ്റ് 2025' ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അൽ മന്നായി സെന്റർ സയന്റിഫിക് ഡയറക്ടർ ഡോ. സഅദുല്ലാ അൽ മുഹമ്മദി അത്‌ലറ്റുകളെ അഭിസംബോധന ചെയ്തു സംസാരിച്ചു. അൽ മന്നായി മലയാള വിഭാഗം പ്രസിഡന്റ് ടി. പി. അബ്ദുൽ അസീസും ഡോ. സഅദുല്ലയും ചേർന്ന് റയ്യാൻ സ്പോർട്സ് ഫെസ്റ്റിന്റെ മൊമന്റോ ഷെയ്ഖ് ബദർ സ്വാലിഹിന് സമ്മാനിച്ചു. രക്ഷിതാക്കളും കുട്ടികളുമടക്കം ആയിരത്തോളം പേർ പങ്കെടുത്ത മത്സരങ്ങളിൽ നീല, പച്ച ഹൗസുകൾ യഥാക്രമം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
റയ്യാൻ സെന്റർ ചെയർമാൻ വി.പി. അബ്ദുൽ റസാഖ്, യാക്കൂബ് ഈസ, ഹംസ കെ. ഹമദ്, എം.എം. രിസാലുദ്ദീൻ എന്നിവർ വിശിഷ്ടാതിഥികളെ സ്വീകരിച്ചു. അബ്ദുൽ സലാം ചങ്ങരം ചോല, തൗസീഫ് അഷ്‌റഫ്, നഫ്സിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സ്പോൺസർമാർക്കും സംഘാടക സമിതി അംഗങ്ങൾക്കും അധ്യാപകർക്കും പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ചാലിയം നന്ദി രേഖപ്പെടുത്തി.
