റോഡപകടങ്ങൾ കുറയ്ക്കാൻ കർശന നടപടി; ബഹ്‌റൈൻ ട്രാഫിക് നിയമത്തിൽ ഭേദഗതിക്ക് അംഗീകാരം നൽകി ശൂറ കൗൺസിൽ


പ്രദീപ് പുറവങ്കര

മനാമ: റോഡപകട മരണങ്ങൾ കുറയ്ക്കുന്നതിനും ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ട് 2014-ലെ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്തുന്ന 2025-ലെ മുപ്പതാം നമ്പർ നിയമത്തിന് ബഹ്‌റൈൻ ശൂറാ കൗൺസിൽ ഐകകണ്ഠ്യേന അംഗീകാരം നൽകി. പാർലമെന്റ് നേരത്തെ അംഗീകരിച്ച ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കടുത്തെ നിയമലംഘനങ്ങൾക്ക് പിഴയും തടവുശിക്ഷയും വർദ്ധിക്കും.

പുതിയ ഭേദഗതികൾ പ്രകാരം ശിക്ഷ വർധിക്കാൻ സാധ്യതയുള്ള നിയമലംഘനങ്ങളിൽ പ്രധാനപ്പെട്ടവയാണ് അമിതവേഗത, എതിർദിശയിൽ ഓടിക്കൽ, റെഡ് ലൈറ്റ് മറികടക്കൽ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ എന്നിവ. റോഡുകളുടെ വികസനവും വാഹനങ്ങളുടെ വർദ്ധനവും അനുസരിച്ച് ഗതാഗത നിയമനിർമ്മാണം ആധുനികവൽക്കരിക്കാനാണ് നിയമം ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യം, പ്രതിരോധം, ദേശീയ സുരക്ഷാ സമിതി റിപ്പോർട്ടർ അലി അൽ അരാദി വ്യക്തമാക്കി.

പുതിയ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി അധികൃതർ നിലവിലെ പോയന്റ് സിസ്റ്റം ഉടൻ സജീവമാക്കും. കൂടാതെ, നിലവിലുള്ള ക്യാമറകൾക്ക് പുറമെ 500 പുതിയ ക്യാമറകൾ കൂടി സ്ഥാപിക്കും, ഇതിന്റെ പൈലറ്റ് ഘട്ടം അടുത്ത മാസം ആരംഭിക്കും. ഡാഷ് ക്യാമുകൾ വാഹനങ്ങളിൽ നിർബന്ധമാക്കാൻ കഴിയില്ലെന്നും, ഇവ സ്വന്തം ഇഷ്ടപ്രകാരം സ്ഥാപിക്കാമെങ്കിലും സ്വകാര്യത മാനിച്ച് തെളിവായി പരിഗണിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2,000 ഗുരുതര അപകടങ്ങളിലായി 300 പേർക്കാണ് ബഹ്‌റൈനിൽ ജീവൻ നഷ്ടമായത്. നിയമം തെറ്റിച്ചുള്ള അമിത വേഗത, റെഡ് ലൈറ്റ് മറികടക്കൽ, മൊബൈൽ ഫോൺ ഉപയോഗം എന്നിവയാണ് റോഡപകടങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് കർശന ശിക്ഷാ നടപടികളുമായി അധികൃതർ മുന്നോട്ട് പോകുന്നത്.

article-image

ssdsad

You might also like

Most Viewed