സമൂഹമാധ്യമങ്ങൾ ജനനന്മയ്ക്കായി വിനിയോഗിക്കണം: പി.കെ ഫിറോസ്

മനാമ: സമൂഹമാധ്യമങ്ങൾ സമൂഹനന്മയ്ക്കും ജനോപകാരപ്രദമായ കാര്യങ്ങൾക്കും വേണ്ടിയാകണം വിനിയോഗിക്കേണ്ടതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പുനഃസംഘടിപ്പിച്ച സൈബർ ആന്റ് മീഡിയ വിംഗിന്റെ 2020−2021 വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധികാരികതയില്ലാത്ത വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കിടുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും. അതിനാൽ ഇക്കാര്യത്തിൽ ഏറെ ജാഗ്രത കാണിക്കണമെന്നും വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സൂം വഴി നടന്ന ഓൺലൈൻ സംഗമത്തിൽ സൈബർ ആന്റ് മീഡിയ വിംഗ് ചെയർമാൻ എ.പി ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി.കെ മുസ്തഫ സ്വാഗതവും സൈബർ ആന്റ് മീഡിയ വിംഗ് കൺവീനർ ഫിറോസ് കല്ലായി നന്ദിയും പറഞ്ഞു. കെ.എം.സി.സി സൈബർ ആന്റ് മീഡിയ വിംഗ് ടെക്‌നിക്കൽ കോർഡിനേറ്റർ മൻസൂർ പി.വി സൂം മീറ്റിങ്ങ് നിയന്ത്രിച്ചു.