അർഹരയാവരെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യക്കുള്ള ടിക്കറ്റ് ചാർജ്ജ് ഐസിആർഎഫ് നൽകി

മനാമ: കോവിഡ് 19 പകർച്ചവ്യാധി കാരണം യാത്രാ ടിക്കറ്റ് വാങ്ങാൻ കഴിയാത്ത വ്യക്തികൾക്ക് നൽകിയ വിമാന ടിക്കറ്റിന്റെ തുക ഇന്ത്യൻ എംബസിയുടെ രക്ഷാകർത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് എയർഇന്ത്യ അധികൃതർക്ക് കൈമാറി. ഐസിആർഎഫ് ചെയർമാൻ അരുൾദാസ് തോമസ് മറ്റ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ എയർ ഇന്ത്യയുടെ ബഹ്റൈൻ കൺട്രി മാനേജർ ആശിഷ് കുമാറിന് ചെക്ക് കൈമാറിയത്. വന്ദേ ഭാരത് മിഷൻ ഫ്ലൈറ്റുകളിലൂടെയും മറ്റ് ചാർട്ടേഡ് ഫ്ലൈറ്റുകളിലൂടെയും നാൽപ്പത്തിയഞ്ചോളം പേരെയാണ് നാട്ടിലേയ്ക്ക് മടങ്ങാൻ ഐസിആർഎഫ് പിന്തുണച്ചത്.
ഇതിനായി സംഭാവന നൽകിയ ഉദാരമതികളായ സ്പോൺസർമാർക്ക് ഐസിആർഎഫ് ചെയർമാൻ അരുൾദാസ് തോമസ് നന്ദി അറിയിച്ചു. വരുന്ന ദിവസങ്ങളിലും, ഇന്ത്യയിലേക്ക് തിരികെ പോകേണ്ടതും വിമാന ടിക്കറ്റ് വാങ്ങാൻ കഴിയാത്തവരുമായ ആരെങ്കിലുമുണ്ടെങ്കിൽ ഐസിആർഎഫ് അംഗങ്ങളുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു. അർഹരാണെങ്കിൽ വന്ദേ ഭാരത് മിഷൻ വിമാനങ്ങളിലൂടെ അവരെ നാട്ടിലെത്തിക്കും.