ചാർട്ടേഡ് വിമാനത്തിൽ പോകുന്നവർക്ക് കൊവിഡ് പരിശോധന: തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കെ.എം.സി.സി
മനാമ: ഗൾഫ് നാടുകളിൽ നിന്ന് പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലേക്ക് പോകുന്നവർ 48 മണിക്കൂറിനുള്ളിൽ കൊവിഡ് പരിശോധന നടത്തിയ റിപ്പോർട്ട് സമർപ്പിക്കണമെന്ന തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്‍മാറണമെന്ന് ബഹ്‌റൈൻ കെ.എം.സി.സി ആവശ്യപ്പെട്ടു. നിലവിൽ വന്ദേഭാരത് മിഷൻ നിബന്ധനകൾ പാലിച്ചാണ് കാരുണ്യ സംഘടനകളും മറ്റും നാട്ടിലേക്ക് ചാർട്ടേഡ് വിമാന സർവ്‍വിസുകൾ നടത്തുന്നത്. സർക്കാരുകളുടെ മാനദണ്ധങ്ങൾ പാലിച്ച് മുൻഗണനാ പട്ടികയുടെ അടിസ്ഥാനത്തിലാണ് യാത്രക്കാരെ തെരഞ്ഞെടുക്കുന്നതും. എന്നിരിക്കെ, ചാർട്ടേഡ് വിമാനത്തിൽ പോകുന്നവർ മാത്രം 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് പരിശോധന റിപ്പോർട്ട് സമർപ്പിക്കണമെന്ന് പറയുന്നത് പ്രവാസി വിരുദ്ധമാണെന്നും അവർ നാടണയുന്നതിന് തുരങ്കം വയ്ക്കുന്ന പ്രവൃത്തികളാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.
20ന് ശേഷം നാട്ടിലേക്ക് പോകുന്നവർ കൊവിഡ് പരിശോധന റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഇക്കാര്യം ഒരു ഗൾഫ് നാടുകളിലും പ്രായോഗികമല്ലെന്ന കാര്യം മുഖ്യമന്ത്രി മനസിലാക്കണം. കൊവിഡ് വ്യാപിക്കുന്നതിനാൽ തന്നെ വെറുതെ പരിശോധന നടത്താൻ ഒരു സർക്കാരും സന്നദ്ധരല്ല. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിൽ ഇത്തരം പരിശോധനകൾക്ക് ഭീമമായ തുകയാണ് ഈടാക്കുന്നത്. ജീവിതം പോലും വഴിമുട്ടിയും നിത്യചെലവിന് വരുമാനമില്ലാതെയുമുള്ള അവസ്ഥയിലാണ് പലരും നാട്ടിലേക്ക് പോകാനൊരുങ്ങുന്നത്. പലരും സൗജന്യ ടിക്കറ്റുകളിലും മറ്റ് സഹായത്താലുമാണ് എങ്ങനെയെങ്കിലും തിരികെ നാട്ടിലെത്തണമെന്ന ആഗ്രഹത്തോടെ കാരുണ്യ സംഘടനകളുടെ ചാർട്ടേഡ് വിമാന സർവിസിലൂടെ സ്വദേശത്തേക്ക് തിരിച്ചുപോകുന്നത്. അതിനിടെയാണ് വീണ്ടും പ്രവാസി വിരുദ്ധ തീരുമാനവുമായി സംസ്ഥാന സർക്കാർ രംഗത്തുവന്നത്. ഓരോദിവസവും പ്രവാസികൾക്കെതിരേ വഞ്ചനാപരമായ നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും നേതാക്കൾ പറഞ്ഞു.
പ്രവാസികളെ രണ്ടാംകിട പൗരന്‍മാരായി കാണുന്ന ഇത്തരം തീരുമാനത്തിൽ നിന്ന് പിന്മാറി പ്രവാസികൾക്ക് നാടണയാനുള്ള സൗകര്യം സർക്കാർ ഒരുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

