കണ്ണൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടുപേർക്കായി തിരച്ചിൽ
കണ്ണൂർ: ശ്രീകണ്ഠപുരം പാറക്കടവ് കൂട്ടുപുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്നു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബ്ലാത്തൂർ പൈസായിയിലെ എടച്ചേരി താഴത്ത് ഗോപിയുടെ മകൻ മനീഷിന്‍റെ (20) മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. പൈസക്കരിയിലെ പാത്തിക്കുളങ്ങര സജി−റിമ്മി ദന്പതികളുടെ മകൻ അരുൺ (19), വഞ്ചിയത്തെ പരേതനായ വലിയ വീട്ടിൽ ചന്ദ്രൻ ഓമന ദന്പതികളുടെ മകൻ സനൂപ് (19) എന്നിവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരം 5.15 ഓടെയാണ് സംഭവം. സുഹൃത്തായ പയ്യാവൂരിലെ പുത്തന്‍പുരയിൽ അജിത്തിനോടൊപ്പമാണ് മൂവരും പുഴക്കരയിലെത്തിയത്. അജിത്ത് കരയ്ക്കിരുന്നെങ്കിലും മറ്റു മൂന്നു പേരും കുളിക്കാനിറങ്ങുകയായിരുന്നു. നീന്തുന്നതിനിടെ മൂവരും ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് പറയുന്നു.

