ഗൾഫിൽ കോവിഡ് മൂലം മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകണം: പ്രവാഹം ബഹ്റൈൻ ചാപ്റ്റർ


ഗൾഫ് രാജ്യങ്ങളിൽ കോവിഡ് 19 രോഗം മൂലം മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ സർവ്വീസിൽ ജോലി നൽകണമെന്ന് പ്രവാഹം ബഹ്റൈൻ ചാപ്റ്റർ കേരള ഗവൺമെൻ്റിനോടാവശ്യപ്പെട്ടു. വിവിധ ഗൾഫ് രാജ്യങ്ങളിലായി 150ൽ അധികം മലയാളികൾ മരണപ്പെട്ട് കഴിഞ്ഞിട്ടും കേരള ഗവൺമെൻറും അനുബന്ധ വകുപ്പകളും ഇവരുടെ കുടുംബങ്ങളിലെ ജീവിത സാഹചര്യങ്ങൾ പരിഗണിക്കുന്നതായി അറിവില്ല. ഗൾഫിലെ കോവിഡ് മരണത്തിൽ ഭൂരിപക്ഷവും യുവാക്കളാണെന്നിരിക്കേ, മിക്ക കുടുംബങ്ങളുടെയും ആശ്രയവും വരുമാനവും നിലച്ചുപോയ അവസ്ഥയിലാണ്.

ഇത്തരത്തിൽ  വേർപാടിൻ്റെ  വേദനയിലും നിസ്സഹായാവസ്ഥയിലും കഴിയുന കടുംബങ്ങൾക്ക് വേണ്ടി എത്രയും വേഗം സർക്കാർ വകുപ്പുകളും ജില്ലാ ഭരണകൂടങ്ങളും ഇടപെടണമെന്നും അർഹതയുള്ള ആശ്രിതർക്ക് അവരുടെ യോഗ്യതയക്കനുസരിച്ച് സർക്കാർ ജോലി നൽകണമെന്നും പ്രവാഹം ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. അവധിക്ക് പോയി നാട്ടിൽ കുടുങ്ങിപ്പോയ നിരവധി ബഹ്റൈൻ മലയാളികൾ ഭീമമായ വിമാനയാത്രക്കൂലി മൂലം തിരികെ വരാൻ പാടുപെടുന്നതായി യോഗം വിലയിരുത്തി.ഇക്കാര്യത്തിലും കേരള ഗവൺമെൻ്റിനെ സാധ്യമായ ഇടപെടൽ പ്രവാഹം അഭ്യർത്ഥിച്ചു.

നവാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ അൻസാരി കൊല്ലം, ജയകുമാർ നായർ, ഹിലാൽ, പ്രമോദ് പൻമന, റിയാസ് എന്നിവർ പങ്കെടുത്തു. പ്രവാഹം ജി.സി.സി.പ്രസിഡണ്ട് അൻവർ നഹാസ് പ്രമേയം അവതരിപ്പിച്ചു.

You might also like

Most Viewed