സിത്രയിലും മനാമയിലും കവർച്ച :ആയിരക്കണക്കിന് ദിനാറിന്റെ നഷ്ടം


മനാമ: സിത്രയിലെ കോൾഡ് സ്റ്റോറിലും മനാമയിലെ ഫ്‌ളാറ്റിലും വൻ കവർച്ച നടന്നു. രണ്ടു വ്യത്യസ്ത സംഭവങ്ങളിലൂടെ ആയിരക്കണക്കിന് ദിനാറാണ് കവർച്ചക്കാർ കൊണ്ട് പോയത്. മനാമയിലെ മലയാളികളുടെ വീട്ടിൽ വെള്ളിയാഴ്ച നടന്ന കവർച്ചയിൽ  വീട്ടുകാർ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവുമാണ് കള്ളന്മാർ കൊണ്ടുപോയത്. വീട്ടുകാർ പ്രാർത്ഥനയ്ക്കായി പോയ സമയത്തു ഫ്ലാറ്റ്  സ്‌ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിയുടെ  പിറകുവശത്തുകൂടി എത്തിയ കവർച്ചക്കാർ ജനാല വഴി അകത്തേക്കിറങ്ങിയാണ് മോഷണം നടത്തിയത്.
വീട്ടിൽ  സൂക്ഷിച്ചിരുന്ന പണവും സ്വർണ്ണാഭരണങ്ങളും മാത്രമാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടിട്ടുള്ളത്. രാത്രി 7 മണിക്കും പത്ത് മണിക്കും ഇടയിലാണ് സംഭവം നടന്നിട്ടുള്ളത്..
ഇന്ന് രാവിലെ   നാല് മണിയോടെയാണ് സിത്രയിലെ മലയാളികൾ നടത്തുന്ന കോൾഡ് സ്റ്റോറിൽ കവർച്ച നടന്നത്. സിത്രയിലെ വാദിയാൻ എന്ന സ്‌ഥലത്തെ വടകര സ്വദേശി ഫൈസൽ നടത്തിവരുന്ന ബിലാദ് അൽ ശാം  മാർക്കറ്റ് എന്ന കടയിലാണ് കവർച്ച നടന്നത്. മുൻവശത്തെ ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് കവർച്ചക്കാർ അകത്തു കയറിയതെന്ന് സി സി ടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. പതിവ് പോലെ  പുലർച്ചെ 2 മണിക്കാണ്   കട പൂട്ടി ഫൈസൽ വീട്ടിലേയ്ക്കു പോയത്. രാവിലെ അഞ്ചര മണിക്ക്  തൊട്ടത്തടുത്ത് പ്രവർത്തിക്കുന്ന ചായക്കടയിലെ ആളുകളാണ് ഷട്ടർ കുത്തിപ്പൊളിച്ച വിവരം ഫൈസലിനെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആയിരക്കണക്കിന് ദിനാർ വിലപിടിപ്പുള്ള ടെലഫോൺ കാർഡുകളും സിഗരറ്റും കടയിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ട വിവരം നടത്തിപ്പുകാർ അറിഞ്ഞത്. മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് സി സി ടി വി ദൃശ്യങ്ങൾ വ്യക്തമാകുന്നു.സിത്ര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed