മന്ത്രിസഭ രാജിവെച്ചു

മനാമ : ബഹ്‌റൈൻ മന്ത്രിസഭ രാജിവച്ചു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നേതൃത്വത്തിൽ ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭയുടെ അസാധാരണ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. രാജി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് സമർപ്പിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 33 പ്രകാരം പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നതിന് മുൻപ് കലാവധി പൂർത്തിയാക്കിയ മന്ത്രിസഭാ രാജിവെക്കണമെന്ന നിയമമുണ്ട്. ഇതനുസരിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനത്തെ തുടർന്നാണ് രാജി.
ഹമദ് രാജാവ് ചുമതലപ്പെടുത്തിയ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ മന്ത്രിസഭക്ക് ബഹുമതികൾ ലഭിച്ചിട്ടുണ്ട്. രാജാവിന്റെ ദർശനങ്ങൾ ഉൾക്കൊണ്ട് ജനക്ഷേമത്തിനായുള്ള ലക്ഷ്യങ്ങളും അഭിലാഷങ്ങളും നേടിയെടുക്കാൻ പരിശ്രമിക്കുന്നതിനും, സാമ്പത്തിക മേഖലയുടെ തകർച്ചയുടെ സമയത്തും വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനും സാധിച്ചതായി പ്രധാനമന്ത്രി പ്രിൻസ് ഖലീഫ പറഞ്ഞു.
സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം, ഭവന നിർമ്മാണം തുടങ്ങിയ മേഖലകളിൽ വികസന പ്രവർത്തനങ്ങളുടെ വേഗത വർദ്ധിപ്പിക്കുന്നതിൽ സർക്കാർ വിജയിച്ചിട്ടുണ്ട്. ഇത്രയും നേട്ടങ്ങൾ കൈവരിച്ചാലും, നമ്മുടെ ജനങ്ങൾക്കും രാജ്യത്തിനും ഏറ്റവും മികച്ച നേട്ടങ്ങൾ കൈവരിക്കാനാണ് നമ്മൾ ഇപ്പോഴും താല്പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.