ജിദ്ദാഫ്സിലെ താമസക്കാരെ ബന്ദികളാക്കിയതായി പരാതി

മാനാമ : ജിദ്ദാഫ്സിലെ താമസക്കാരെ ബന്ദികളാക്കിയതായി പരാതി. ബഹ്റൈനിലെ പ്രമുഖ ആശുപത്രിയിലെ എട്ടോളം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയുമാണ് താമസിക്കുന്ന സ്ഥലത്തിന്റെ ഉടമ ബന്ദികളാക്കിയത്. കോന്പൗണ്ടിനുള്ളില്‍ താമസിച്ചിരുന്ന ഉടമസ്ഥര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് താമസ സ്ഥലത്തേക്കുള്ള ജല വൈദ്യുത കണക്ഷനുകള്‍ വിച്ഛേദിക്കുകയും ഗേറ്റിന് വെളിയിൽ വാഹനങ്ങള്‍ കടക്കാതിരിക്കാനുള്ള രീതിയില്‍ കിടങ്ങു രൂപത്തില്‍ ചുറ്റിലും കുഴി ഉണ്ടാക്കി വെച്ചിരിക്കുകയുമാണ്. അതിനാല്‍ കോന്പൗണ്ടിന്റെ അകത്ത് നിന്നുള്ളവര്‍ക്ക് പുറത്തുവരാനോ, പുറത്തുള്ളവര്‍ക്ക് അകത്ത് വരാനോ സാധിക്കാത്ത സാഹചര്യമാണ്.
വ്യാഴാഴ്ച്ച വൈകുന്നേരം തൊട്ട് ഇവിടെ താമസിക്കുന്ന പല കുടുംബങ്ങളും വെള്ളം ലഭിക്കാതെ ഇവിടെ കഴിയുകയാണ്. ഇവിടെ ഉള്ള കുടുംബത്തിലെ പകുതിയിലധികം പേരും പുറത്താണ് ഉള്ളത്. ഇവര്‍ക്ക് തമ്മില്‍ ഫോണ്‍ വഴി ആശയവിനിമയം നടത്താനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ല. ചുറ്റും കുഴിയായതിനാല്‍ അകത്തേക്ക് വാഹനങ്ങള്‍ക്ക് പോകുവാന്‍ സാധിക്കുന്നുമില്ല എന്നാണ് പരാതിക്കാര്‍ പറയുന്നത്.
സാമൂഹ്യ പ്രവർത്തകർ വിവരം അറിയിച്ചതിൻപ്രകാരം ഇന്ത്യൻ എംബസിയുടെ സഹായം തേടാനൊരുങ്ങുകയാണ് ഇവിടെയുള്ളവർ. ബഹ്‌റൈൻ പോലീസിലും വിവരം അറിയിച്ചിട്ടുണ്ട്.