ശ്രീനിയുമായുള്ള നിമിഷങ്ങൾ പങ്കുവെച്ച് താരങ്ങൾ
ഷീബ വിജയൻ
കോഴിക്കോട്: നടൻ ശ്രീനിവാസന്‍റെ ഓർമകൾ പങ്കുവെച്ച് താരങ്ങൾ. സിനിമ ജീവിതത്തിൽ ഒരുപാട് ബന്ധങ്ങളുള്ള വ്യക്തിയായിരുന്നു ശ്രീനിയെന്ന് മോഹൻലാൽ അനുസ്മരിച്ചു. താനും പ്രിയദർശനും സത്യൻ അന്തിക്കാടും ഇന്നസെന്‍റും എല്ലാം ഒരു ടീം ആയിരുന്നു. ഒരു നടൻ എന്ന രീതിയിലല്ല ഞങ്ങൾ തമ്മിലുള്ള ബന്ധം. ഒരുപാട് വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ശ്രീനിയുടെ കുടുംബവുമായും ജീവിതവുമായും തനിക്ക് അടുത്ത ബന്ധമുണ്ട്. ശ്രീനിയുമായി ചേർന്ന് മലയാളി സമൂഹത്തിന് ഒരുപാട് നല്ല സിനിമകൾ സമ്മാനിക്കാൻ കഴിഞ്ഞു. കാണുമ്പോൾ തമാശ പടമായി തോന്നുമെങ്കിലും ഏറെ ഉൾക്കാമ്പുള്ള സിനിമകളാണ് ശ്രീനി ഒരുക്കിയിരുന്നത്. സിനിമയെയും ജീവിതത്തെയും വ്യത്യസ്ത തലത്തിൽ കണ്ട ആളാണ്. പ്രത്യേക സൗഹൃദം കാത്തു സൂക്ഷിക്കുന്ന, തമാശയിലൂടെ ജീവിച്ച ആളാണ് ശ്രീനി. എപ്പോഴും സംസാരിക്കുന്ന വ്യക്തികളായിരുന്നു ഞങ്ങൾ. ശ്രീനിയുടെ മക്കൾ വീട്ടിൽ വരാറുണ്ട്. താൻ ശ്രീനിയുമായി പിണങ്ങാറില്ല. അത് ജീവിതത്തിന്‍റെ ഭാഗമാണ്. ജീവിതത്തിലെ രസകരമായ നിമിഷങ്ങളാണ് ശ്രീനി സമ്മാനിച്ചതെന്നും മോഹൻലാൽ പറഞ്ഞു.
ശ്രീനിവാസന്‍റെ വിയോഗം അപ്രതീക്ഷിതമെന്നും ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും നടി ഉര്‍വശി. ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസൻ. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയാണ്. ശ്രീനിയേട്ടന്‍റെ കുറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എപ്പോഴും ഞാൻ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതുപോലെ ശ്രീനിയേട്ടന് ആരോഗ്യത്തോടെ ദീര്‍ഘായുസോടെ ഇരിക്കണമെന്ന് അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല. ഒരുപാട് കാര്യങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച പ്രതിഭയാണ് ശ്രീനിവാസൻ. വലിയൊരു കലാകാരനായിരുന്നു അദ്ദേഹം. ഓര്‍ക്കാൻ ഒരുപാട് കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചു. എന്‍റെ സിനിമാ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അദ്ദേഹം സമ്മാനിച്ചതാണെന്നും ഒരിക്കലും അദ്ദേഹത്തെ മറക്കാനാകില്ലെന്നും ഉര്‍വശി അനുസ്മരിച്ചു.
രണ്ടാഴ്ച്ച കൂടുമ്പോൾ ശ്രീനിവാസൻ്റെ വീട്ടിൽ പോകാറുണ്ടെന്നും രാവിലെ മുതൽ വൈകുന്നേരം വരെ വീട്ടിൽ തുടരുമെന്നും സംവിധായകൻ സത്യൻ അന്തിക്കാട്. കാലിന് സർജറി കഴിഞ്ഞ് വാക്കറിലായിരുന്നു നടന്നിരുന്നത്. തിരിച്ചുവരാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്ത് സന്ദേശം എന്നൊരു സിനിമയുടെ പ്രസക്തിയെ കുറിച്ച് ഞങ്ങളിരുവരും ചർച്ച ചെയ്തിരുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സത്യൻ അന്തിക്കാടിന് വാക്കുകൾ പൂർത്തിയാക്കാനായില്ല. വളരെ വൈകാരികമായായിരുന്നു പ്രതികരണം.
സിനിമയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്തയാളാണ് ശ്രീനിവാസനെന്ന് നടനും എംഎൽഎയുമായ മുകേഷ്. ഒരു തിരക്കഥ വായിച്ചാൽ 10 ചോദ്യങ്ങളെങ്കിലും ചോദിക്കുന്ന, അതിന് മറുപടി ലഭിച്ചാൽ മാത്രം മുന്നോട്ട് പോവുന്നയാളായിരുന്നു ശ്രീനിവാസനെന്ന് മുകേഷ് അനുസ്മരിച്ചു. ശ്രീനിവാസൻ്റെ അടുത്ത് പോവാൻ ഭയമായിരുന്നു. അത്രയും ഷാർപ്പായിരുന്നു ശ്രീനിവാസൻ. ശ്രീനിവാസനെ കുറിച്ച് ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. 43 വർഷത്തിനുള്ളിൽ ഒരിക്കൽ പോലും ചെറിയ നീരസം പോലുമില്ലാത്ത സുഹൃത്തായിരുന്നു ശ്രീനിവാസൻ. സൃഷ്ടികൾ പോലെ തന്നെ ശ്രീനിവാസൻ്റെ ചിരിയും പ്രസിദ്ധമായിരുന്നുവെന്നും മുകേഷ് പറഞ്ഞു.
അടുത്ത സുഹൃത്തിന്‍റെ വിയോഗം ഞെട്ടിക്കുന്നതെന്ന് നടൻ രജനീകാന്ത്. വളരെ നല്ല മനുഷ്യനായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.
ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ ഒന്നിച്ചു പഠിച്ചതും രജനീകന്ത് അനുസ്മരിച്ചു. ശ്രീനിവാസൻ അതിഗംഭീര നടനാണെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു.
ശ്രീനിവാസന്‍റെ വിയോഗം മലയാള സിനിമാലോകത്തിന് വീണ്ടെടുക്കാൻ സാധിക്കാത്ത കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും തന്‍റേതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചു. കഥ, തിരക്കഥ, സംവിധാനം, നടൻ എന്നീ റോളുകളിൽ അതുല്യ പ്രതിഭയാണ്. തന്‍റെ ശൈലിയിലൂടെയും നല്ല മൂർച്ചയേറിയ പരിഹാസങ്ങളിലൂടെയും സിനിമ കാണുന്നവരെ വലിയ തലത്തിലേക്ക് ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ തന്‍റേതായ ശൈലിയിൽ സിനിമയിലൂടെ അവതരിപ്പിക്കാൻ ശ്രീനിവാസൻ ശ്രമിച്ചു. കണ്ണൂർ പാട്യം സ്വദേശിയായ അദ്ദേഹം നാട്ടിലെ പ്രശ്നങ്ങളടക്കം ഉൾപ്പെടുത്തി സിനിമ എടുത്തത് ഓർക്കുകയാണ്. നിശിതമായ വിമർശനം സിനിമയിലൂടെ ഉയർത്തി കൊണ്ടുവരാൻ കഴിഞ്ഞു. തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
eqwewqerwewr
