വാളയാർ ആൾക്കൂട്ടക്കൊല: പ്രതികൾ റിമാൻഡിൽ; നാലുപേർ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ
ഷീബ വിജയൻ
വാളയാർ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയെ ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചു മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെ റിമാൻഡ് ചെയ്തു. അട്ടപ്പളം സ്വദേശികളായ അനു, പ്രസാദ്, മുരളി, ആനന്ദൻ, ബിപിൻ എന്നിവരാണ് റിമാൻഡിലായത്. ഇതിൽ നാലുപേർ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണ്. പ്രതികളിൽ മുരളി, അനു എന്നിവർ 15 വർഷം മുമ്പ് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിനോദ്, സി.ഐ.ടി.യു തൊഴിലാളി സ്റ്റീഫൻ എന്നിവരെ വെട്ടിയ കേസിലെ പ്രതികളാണ്.
ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായൺ ഭയ്യ (31) എന്ന യുവാവിനെ കള്ളനെന്ന് ആരോപിച്ചാണ് ഇവർ മണിക്കൂറുകളോളം ക്രൂരമായി മർദ്ദിച്ചത്. മാനസിക പ്രയാസങ്ങളുണ്ടായിരുന്ന രാംനാരായൺ വഴിതെറ്റിയാണ് അട്ടപ്പള്ളത്തെത്തിയത്. തൊഴിലുറപ്പ് വനിതകളാണ് ഇയാളെ ആദ്യം കണ്ടത്. തുടർന്ന് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ ചേർന്ന് വിചാരണ ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. രക്തം വാർന്ന് ഒന്നര മണിക്കൂറോളം റോഡിൽ കിടന്ന ഇയാളെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രതികളെ ഹാജരാക്കിയപ്പോൾ സുബൈർ വധക്കേസിലെ പ്രതി ആർ. ജിനീഷും എത്തിയിരുന്നു. കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
azazxzas
