ശബരിമല സ്വർണ്ണക്കൊള്ള: ഒരു കിലോയോളം സ്വർണ്ണം വേർതിരിച്ചെടുത്തു; രേഖകൾ പുറത്ത്
ഷീബ വിജയൻ
ശബരിമലയിലെ സ്വർണ്ണപ്പാളികളിൽനിന്ന് സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനം ഒരു കിലോയ്ക്കടുത്ത് സ്വർണ്ണം വേർതിരിച്ചെടുത്തതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി. 14 പ്രധാന പാളികളിൽ നിന്ന് 577 ഗ്രാമും സൈഡ് പാളികളിൽ നിന്ന് 409 ഗ്രാമും സ്വർണ്ണമാണ് വേർതിരിച്ചത്. സ്മാർട്ട് ക്രിയേഷൻസ് പണിക്കൂലിയായി 96 ഗ്രാം സ്വർണ്ണം എടുത്തതായും, എന്നാൽ ജ്വല്ലറി ഉടമയായ ഗോവർദ്ധനെ 474 ഗ്രാം സ്വർണ്ണം വില്‍പ്പനയ്ക്കായി ഏൽപ്പിച്ചതായും വ്യക്തമാക്കുന്ന രേഖകൾ പോലീസ് പിടിച്ചെടുത്തു. സ്വർണ്ണം വേർതിരിച്ചിട്ടില്ലെന്നും പൂശുക മാത്രമാണ് ചെയ്തതെന്നുമുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ ആദ്യ ഘട്ടത്തിലെ മൊഴി തെറ്റാണെന്ന് ഇതോടെ തെളിഞ്ഞു. സ്ഥാപനത്തിന്റെ സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ തമ്മിൽ മറ്റെന്തെങ്കിലും ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.
അതേസമയം, ഈ കേസിൽ കള്ളപ്പണ ഇടപാട് നടന്നതായി കണ്ടെത്തിയതിനെത്തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) അന്വേഷണം നടത്തും. കേസിന്റെ മുഴുവൻ രേഖകളും (FIR, റിമാൻഡ് റിപ്പോർട്ട്, FIS മൊഴിപ്പകർപ്പുകൾ) ഇ.ഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. സമാന്തര അന്വേഷണം വേണ്ടെന്ന എസ്.ഐ.ടിയുടെയും പ്രോസിക്യൂഷന്റെയും ശക്തമായ വാദം കോടതി തള്ളി. വിവിധ സംസ്ഥാനങ്ങളിൽ സ്വർണ്ണപ്പാളികൾ എത്തിച്ചതിലൂടെ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇ.ഡിയുടെ വാദം. കൂടാതെ, രാജ്യാന്തര വിഗ്രഹ കടത്തു സംഘത്തിന്റെ ഇടപെടൽ ഉണ്ടായെന്ന വെളിപ്പെടുത്തൽ രമേശ് ചെന്നിത്തലയും നടത്തിയിരുന്നു. അറസ്റ്റിലായ എൻ. വാസു ഉൾപ്പെടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തു.
eqwew
