മിനിയ ബസ് ആക്രമണത്തെ ബഹ്‌റൈൻ അപലപിച്ചു
മനാമ : ഈജിപ്തിലെ മിനിയയിൽ ബസ് യാത്രക്കാരെ ആക്രമിച്ച സംഭവത്തെ ബഹ്‌റൈൻ അപലപിച്ചു. നിരവധി നിരപരാധികളുടെ മരണത്തിനും പരിക്കിനും ആക്രമണം ഇടയാക്കി. ഭീകരവാദത്തെ നേരിടാൻ സഹോദര രാജ്യമായ അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്തുമായി ബഹ്‌റൈൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സുരക്ഷിതത്വവും സമാധാനവും ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരും.
ഭീകരാക്രമണത്തിൽ പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നാശംസിച്ച മന്ത്രാലയം ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചു. എല്ലാ തരത്തിലുള്ള അക്രമങ്ങളെയും ഭീകരവാദത്തെയും തടയുന്നതിനും ഭീകരർക്കുള്ള സാമ്പത്തിക സ്രോതസ്സുകൾ അടക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ തുടരും.
ഈജിപ്ത് തലസ്ഥാനമായ കെയ്റോക്ക് തെക്ക് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് തീർത്ഥാടകരുമായി പോകുകയായിരുന്ന മൂന്ന് ബസ്സുകൾ തീവ്രവാദികൾ ആക്രമൈക്കുകയായിരുന്നു. ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോപ്റ്റിക് ഓർത്തഡോക്സ് സഭയും ആഭ്യന്തരമന്ത്രാലയവും വ്യക്തമാക്കി.

