രാജ്യത്തിൻറെ പൈതൃകം കാത്തുസൂക്ഷിക്കാനൊരുങ്ങി സന്നദ്ധസേവകർ


മനാമ : രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെ സംരക്ഷിക്കാനും നിലനിർത്താനുമുള്ള പരിശ്രമങ്ങളിൽ മുഴുകിയിരിക്കുകയാണ് പൈതൃക സംരക്ഷകരായിട്ടുള്ള സന്നദ്ധസേവകർ. ലോക പൈതൃക സംരക്ഷണ സന്നദ്ധ സേവനത്തിന്റെ അഞ്ചാം എഡിഷനാണ് 2018ൽ നടക്കുന്നത്. യുനെസ്കോ വേൾഡ് ഹെറിറ്റേജ് സെന്റർ, ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചറൽ ആൻഡ് ആൻറിക്വിറ്റീസ്, അറബ് റീജണൽ സെന്റർ ഫോർ വേൾഡ് ഹെറിറ്റേജ് ഇന്റർനാഷണൽ വോളന്റിയേഴ്‌സ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതികൾ സംഘടിപ്പിക്കുന്നത്.

'ഡിസ്കവർ ബഹ്റൈൻ ഹെറിറ്റേജ്' എന്ന പേരിട്ടിരിക്കുന്ന ക്യാമ്പെയ്ന് അറബ് ഹൗസ് ഫൗണ്ടേഷനാണ് ആതിഥേയത്വം വഹിക്കുന്നത്. യുനെസ്കോ വേൾഡ് ഹെറിറ്റേജ് എജ്യൂക്കേഷൻ പ്രോഗ്രാമിന്റെ "എംപവറിങ് ദ് കമ്മിറ്റ്മെന്റ് ടു ദ് വേൾഡ് ഹെറിറ്റേജ്" എന്ന പദ്ധതിയുടെ കീഴിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ബഹ്റൈൻ ഫോർട്ടിൽ നവംബർ 10 നാണ് ക്യാമ്പയിൻ ആരംഭിക്കുന്നതെന്ന് ഡബ്ല്യൂ.എച്ച്.വി -ബഹ്റൈൻ പ്രോജക്ട് മാനേജർ മുഹമ്മദ് ബുക്കമൽ പറഞ്ഞു.

ലോക സാംസ്കാരിക കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സെന്റർ ലക്ഷ്യമിടുന്നു. 1972 ലെ ലോക സാംസ്കാരിക സംരക്ഷണവുമായി ബന്ധപ്പെട്ട കൺവെൻഷന്റെ ഭാഗമായാണിത്. സാംസ്കാരികവും പ്രകൃതിദത്തവുമായ അവകാശങ്ങളെ ബഹുമാനിക്കുന്നതിനും വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് കൺവെൻഷന്റെ ആർട്ടിക്കിൾ 27.

യുനെസ്‌കോയുടെ 2014 - 2020 കാലത്തിലെ തീരുമാനം അനുസരിച്ച് പൈതൃക സംരക്ഷണ പ്രോഗ്രാമുകൾ യുവാക്കൾക്ക് വേണ്ടി പ്രത്യേകം നടപ്പിലാക്കാൻ തീരുമാനിച്ചു. പൈതൃക സംരക്ഷണത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും യുവാക്കൾക്കും സന്നദ്ധപ്രവർത്തകർക്കും പ്രാദേശിക സമുദായങ്ങൾക്കും ബന്ധപ്പെട്ട അധികാരികൾക്കുമിടയിൽ ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നത്.

നിർദ്ദിഷ്ട പ്രോജക്ടുകളുടെ സൈറ്റുകളിൽ യുവജനങ്ങളെ ഉൾപ്പെടുത്തി, അടിസ്ഥാന സംരഭത്തിലും സംരക്ഷണ സാങ്കേതികവിദ്യയിലും വൈദഗ്ദ്ധ്യം നേടിയെടുക്കാൻ അവരെ അനുവദിക്കുകയും ചെയ്യുകയാണ് ക്യാമ്പയിനുകൾ ലക്ഷ്യമാക്കുന്നത്.

പരസ്പര സഹകരണത്തിലൂടെ, ആഗോളതലത്തിൽ സന്നദ്ധപ്രവർത്തകരെ സംഘടിപ്പിക്കുകയും, ബഹ്റിനിലെ സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ച് അറിവ് പകർന്നുകൊണ്ട് രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെ സംരക്ഷിക്കുന്നതിന് പ്രോജക്ട് ലക്ഷ്യമിടുന്നു. ഇതോടൊപ്പം ബഹ്റൈന്റെ പ്രാധാനമായ ചില സൈറ്റുകളിൽ നടത്തുന്ന പ്രവര്ത്തനങ്ങള് വഴി ചരിത്രപരമായ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിന് പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്തും.

ഇതിനായി ബോധവൽക്കരണ പരിപാടികളും ലോക പൈതൃകങ്ങളെക്കുറിച്ചുള്ള സെമിനാറുകളും സംഘടിപ്പിക്കും. ലഘുലേഖകൾ വിതരണം ചെയ്യുന്നതിലൂടെയും മറ്റ് പ്രോഗ്രാമുകളിലൂടെയും പൊതുജനങ്ങളെ ബോധവത്കരിക്കും. പുരാവസ്തുക്കളുടെ പുനരുദ്ധാരണം, ഗവേഷണ രീതികൾ തുടങ്ങിയ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ പ്രോത്സാഹനം നൽകും. വേൾഡ് ഹെറിറ്റേജ് വോളണ്ടിയർമാർ 30 രാജ്യങ്ങളിലെ 53 പൈതൃക കേന്ദ്രങ്ങളിലായി 54 പ്രോജക്ടുകൾ ആണ് ഈ വര്ഷം ഉൾക്കൊള്ളിച്ചിട്ടുള്ളത്. 18 വയസിനും 30 വയസിനുമിടയിൽ പ്രായമുള്ളവരാണ് വോളണ്ടിയർമാർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed