ഓൾ ഇന്ത്യ റേഡിയോയിലും മീ ടു; ആരോപണങ്ങളുമായി നിരവധി പേർ
ന്യൂഡൽഹി: മീ ടു ആരോപണങ്ങളുടെ നടുക്കത്തിൽ ഓൾ ഇന്ത്യ റേഡിയോ. ധർമശാല, ഓബ്ര, കുരുക്ഷേത്ര, ഷാഡോൽ എന്നീ സ്റ്റേഷനുകളിലെ വനിതാ ജീവനക്കാരാണ് തൊഴിൽ സ്ഥലത്തെ പീഡനം വെളിപ്പെടുത്തി രംഗത്തെത്തിയത്. ധർമശാല റേഡിയോ സ്റ്റേഷനിൽ 45കാരിയായ ജീവനക്കാരിയെ ജ്യോതി പതാനിയെ പട്ടാപ്പകൽ സ്റ്റുഡിയോ മുറിയിൽവെച്ച് പ്രോഗ്രാം ഹെഡ് സുരേഷ് കുമാർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും അവർ വെളിപ്പെടുത്തി.
പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് പരിപാടി തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. സ്റ്റുഡിയോ മുറിയിലെ ലൈറ്റുകൾ ഓഫാക്കിയശേഷമാണ് സുരേഷ് കുമാർ കയറിപിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്തതായി ജ്യോതി പറഞ്ഞു. 2016 ഓഗസ്റ്റിലായിരുന്നു സംഭവം. പേടിച്ചുവിരണ്ടുപോയ താൻ വൈകുന്നേരം വരെ സ്തംഭിച്ച് ഇരുന്നുപോയി.
മുമ്പും റേഡിയോ സ്റ്റേഷനിൽവെച്ച് ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് അവർ പറഞ്ഞു. 2014ൽ തന്നോട് അപമര്യാദയായി പെരുമാറിയ സ്ഥാപനമേധാവിക്കെതിരെ പരാതി നൽകിയിരുന്നു.
എന്നാൽ പൊലീസ് ഇടപെട്ട് അത് ഒത്തുതീർപ്പാക്കുകയായിരുന്നു. മധ്യപ്രദേശിലെ ഷാഡോൽ സ്റ്റേഷനിലെ ഒമ്പത് വനിതാ അനൌൺസർമാരാണ് അസിസ്റ്റന്‍റ് ഡയറക്ടറായ രത്നാകർ ഭാരതിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇതിൽ മൂന്ന് ജീവനക്കാർ തങ്ങൾക്കു നേരിടേണ്ടിവന്ന ദുരനുഭവം വിവരിക്കുകയും ചെയ്തു.

