ഖലീജ് അൽ ബഹ്റൈനിലെ എണ്ണ ഉൽപ്പാദനം ലാഭകരമാകുമെന്ന് മന്ത്രി
മനാമ : പുതുതായി കണ്ടെത്തിയ എണ്ണ ശേഖരത്തിൽനിന്നുള്ള ഖനനം ലാഭകരമാകുമെന്നും പുതിയ ശേഖരത്തിൽനിന്നുള്ള ഉൽപ്പാദനത്തിലൂടെ സാന്പത്തിക ലാഭം ഉണ്ടാക്കാൻ കഴിയുമെന്ന് കരുതുന്നതായും എണ്ണ മന്ത്രി വ്യക്തമാക്കി. ഖലീജ് അൽ ബഹ്റൈനിൽ പുതുതായി കണ്ടെത്തിയ എണ്ണശേഖരത്തിന്റെ ശേഷി ഏകദേശം 80 ബില്ല്യൺ ബാരൽ ആണെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു. ലണ്ടനിൽ അമേരിക്കൻ ചേന്പർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ഒരു വ്യാപാര ശൃംഖലാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖലീജ് അൽ ബഹ്റൈനിലെ ഉൽപ്പാദന ചെലവ് നിർണയിച്ചിട്ടില്ലെങ്കിലും അമേരിക്കൻ കന്പനികൾ വഴി ഉൽപ്പാദന ചിലവ് കുറച്ചുകൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. യു.എസിലെ എണ്ണ കന്പനികൾ പറഞ്ഞിരിക്കുന്ന ഉൽപ്പാദനച്ചെലവ് 25 ഡോളർ വരെയാണ്. യു.എസ് കന്പനിയുമായി താരതമ്യപ്പെടുത്തുന്പോൾ ഇതിലും കുറഞ്ഞ നിരക്കിൽ ലോജിസ്റ്റിക്സും മറ്റ് സാങ്കേതിക വിദ്യകളും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനിൽ കണ്ടെത്തിയ എണ്ണശേഖരം നമുക്ക് പ്രയോജനപ്പെടുത്താനാകുമെന്നും അത് ലാഭകരമാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. പക്ഷേ ഇതിന് മൂലധനം ആവശ്യമാണെന്നും അതുകൊണ്ടാണ് അന്താരാഷ്ട്ര നിക്ഷേപകർക്കായി ശ്രമിക്കുന്നതെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു. ബദൽ ഊർജ്ജ സ്രോതസ്സുകൾക്കായുള്ള മത്സരങ്ങൾക്കിടയിലും എണ്ണ-പ്രകൃതി വാതക വ്യവസായത്തിന് ശോഭനമായ ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗരോർജവും മറ്റ് ബദൽ ഊർജസ്രോതസ്സുകളും ജനപ്രിയമായിക്കൊണ്ടിരിക്കുകയാണെന്നും എന്നാൽ എണ്ണ-പ്രകൃതി വാതക വ്യവസായ മേഖലയിൽ വളർച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണ വില ഉയരുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.




