ബഹ്‌റൈനിൽ ഓട്ടിസം ബാധിതർക്കായി ദേശീയ നയത്തിന് പാർലമെന്റിൽ ആവശ്യം; ചികിത്സാ ചെലവ് കുറയ്ക്കണമെന്ന് എംപിമാർ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ബഹ്‌റൈനിൽ ഏകദേശം 2,200 ഓട്ടിസം ബാധിതകേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, ഇവർക്കും കുടുംബങ്ങൾക്കും പിന്തുണ നൽകാൻ സമഗ്രമായ ദേശീയ നയം വേണമെന്ന് പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 1,700 ഓളം ആൺകുട്ടികളും 500 ഓളം പെൺകുട്ടികളുമാണുള്ളതെന്ന് എംപി ഹസ്സൻ ഇബ്രാഹിം പാർലമെന്റ് സെഷനിൽ വ്യക്തമാക്കി.

രോഗനിർണ്ണയം, പരിചരണം, വിദ്യാഭ്യാസം എന്നിവയിൽ നിലനിൽക്കുന്ന പോരായ്മകളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. സ്വകാര്യ പുനരധിവാസ കേന്ദ്രങ്ങളിൽ പ്രതിമാസം 250 മുതൽ 1,000 ദീനാർ വരെ ചിലവ് വരുന്നത് സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ ബാധ്യതയാകുന്നുണ്ട്. വിദഗ്ധരുടെ നേതൃത്വത്തിലുള്ള പരിശോധനകൾ, കൃത്യമായ ഇടവേളകളിലുള്ള പുനർമൂല്യനിർണ്ണയം, ബഹ്‌റൈനി പ്രൊഫഷണലുകൾക്ക് മികച്ച പരിശീലനം എന്നിവ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചർച്ചകൾക്ക് മറുപടി നൽകിയ ആരോഗ്യ മന്ത്രി ഡോ. ജലീല അൽ സയ്യിദ്, രാജ്യത്ത് നിലവിൽ കൃത്യമായ പരിശോധനാ സംവിധാനങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കി. പ്രൈമറി ഹെൽത്ത് സെന്ററുകൾ വഴി രണ്ട് വയസ്സ് മുതൽ കുട്ടികളിൽ ഓട്ടിസം സ്ക്രീനിംഗ് നടത്തുന്നുണ്ട്. ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികളെ വിദഗ്ധ പരിശോധനകൾക്കായി സർക്കാർ ആശുപത്രികളിലെ പ്രത്യേക സംഘങ്ങളിലേക്ക് റഫർ ചെയ്യാറുമുണ്ട്. ഓട്ടിസം ചികിത്സയിൽ മരുന്നുകളേക്കാൾ കൂടുതൽ പെരുമാറ്റ രീതികൾ, സാമൂഹിക ഇടപെടലുകൾ, വിദ്യാഭ്യാസം എന്നിവയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് ഗവൺമെന്റ് ഹോസ്പിറ്റൽസ് സിഇഒ മറിയം അൽ ജലാഹ്മ കൂട്ടിച്ചേർത്തു.

ഓട്ടിസം ബാധിതർക്കുള്ള സേവനങ്ങൾ വെറും വ്യക്തിഗത ശ്രമങ്ങളിലൊതുങ്ങാതെ ശക്തമായ നിയമനിർമ്മാണത്തിലൂടെ ഉറപ്പാക്കണമെന്ന് എംപി ജലീല അലവി ആവശ്യപ്പെട്ടു. സ്കൂളുകളിൽ കൂടുതൽ ഇൻക്ലൂഷൻ ക്ലാസുകൾ ആരംഭിക്കണമെന്നും രാജ്യത്തെ ഓട്ടിസം കേസുകളെക്കുറിച്ച് സമഗ്രമായ പഠനം നടത്തണമെന്നും എംപിമാർ ഒന്നടങ്കം അഭിപ്രായപ്പെട്ടു. ഓട്ടിസം ബാധിതരുടെ ദീർഘകാല പരിചരണം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ എന്നിവ ഉറപ്പാക്കാൻ കൂടുതൽ ഏകോപിതമായ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് പാർലമെന്റ് വിലയിരുത്തി.

article-image

നിേ്േ്േ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed