ഈസാ ഖാസിമിന്റെ വീടിന് മുന്നിൽ പ്രതിഷേധം നടത്തിയത് ആയുധങ്ങളുമായി
മനാമ : ഷിയാ വിഭാഗത്തിന്റെ നേതാവായ ഈസാ ഖാസിമിന്റെ വീടിന് മുന്നിൽ പ്രതിഷേധം നടത്തിയ പ്രതികളെ പക്കൽ ആയുധങ്ങളും ഗ്രനേഡുകളുമുണ്ടായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥൻ ഹൈ-ക്രിമിനൽ കോടതിയിൽ വെളിപ്പെടുത്തി. ദുറാസിൽ ഖാസിമിന്റെ വീടിന് മുന്നിൽ മാസങ്ങൾക്കു മുന്പ് നടന്ന അനധികൃത പ്രകടനം നിയന്ത്രിക്കാൻ എത്തിയ പോലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 170 പ്രതികൾ വിചാരണ നേരിടുകയാണ്.
അറസ്റ്റിലായ പ്രതികളിൽ ഒരാളിൽനിന്ന് നിരവധി ആയുധങ്ങളും ഗ്രനേഡുകളും സ്ഫോടക വസ്തുക്കളും സൂക്ഷിച്ചുവെച്ചിരുന്ന സ്ഥലത്തേക്കുറിച്ച് വിവരം ലഭിച്ചതായി അധികൃതർ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും ജനജീവിതം തടസ്സപ്പെടുത്താനുമാണ് അവർ പദ്ധതിയിട്ടിരുന്നത്. കല്ല്, ഇഷ്ടിക, ഇരുന്പ് ദണ്ധുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ ഉപയോഗിച്ച് പോലീസിനെ ആക്രമിക്കുന്നതിനായിരുന്നു പദ്ധതിയെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.
ഖാസിമിനു വീടിന് പുറത്ത് ഒരു വർഷം നീണ്ടുനിന്ന പ്രതിഷേധ പരിപാടികൾക്കൊടുവിൽ ദുറാസിൽ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിച്ച പോലീസിനെ ഇവർ ആക്രമിച്ചതായി ഹൈ ക്രിമിനൽ കോടതി മുന്പാകെ പൊലീസ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി. സംഭവത്തിൽ അഞ്ച് പ്രതിഷേധക്കാർ കൊല്ലപ്പെടുകയും 31 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് വിചാരണയ്ക്കായി 171 പേരെ ഹൈ ക്രിമിനൽ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. മേഖലയിൽ സമ്മർദ്ദമുണ്ടാക്കുകയും വിദേശ ബന്ധങ്ങളുള്ള സംഘടനകൾ രൂപീകരിക്കുകയും ചെയ്തതിനെത്തുടർന്ന് 2016 ജൂണിൽ ഖാസിമിന്റെ പൗരത്വം പിൻവലിച്ചതിനെത്തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. 2017 മേയിൽ ഖാസിമിന്റെ അനധികൃതസ്വത്ത് കണ്ടെത്താൻ അധികൃതർ തീരുമാനിച്ചു. ദശലക്ഷക്കണക്കിന് ദിനാർ അനധികൃതമായി സന്പാദിച്ചതിന് രണ്ട് കൂട്ടാളികൾ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. 171 പേരിൽ 24 പ്രതികൾ മാത്രമാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. ബാക്കിയുള്ളവർ 200 ബഹ്റൈൻ ദിനാറിന്റെ ജാമ്യത്തിലാണ്.




