പ്രോഗ്രസീവ് പാനൽ കുടുംബ സംഗമം നടത്തി
മനാമ. ബഹ്റൈൻ കേരളീയ സമാജം അംഗങ്ങളുടെ കൂട്ടായ്മയായ പ്രോഗ്രസ്സീവ് പാനൽ അംഗങ്ങളുടെ കുടുംബ സംഗമം ആധാരിയിലുള്ള വെംപ്ലി ഗാർഡനിൽ വെച്ച് നടത്തി. ഇരുന്നൂറ്റി അൻപതിൽപരം അംഗങ്ങൾ പങ്കെടുത്ത സംഗമത്തിൽ പ്രോഗ്രസീവ് പാനൽ ചെയർമാൻ കെ. ജനാർദ്ദനൻ, പ്രോഗ്രസ്സീവ് പാനലിന്റെ രക്ഷാധികാരിയായ പ്രിൻസ് നടരാജൻ (ഇന്ത്യൻ സ്കൂൾ ചെയർമാൻ), പന്പാവാസൻ നായർ (പ്രസിഡണ്ട് കെ.എസ്.സി.എ), അജയകൃഷ്ണൻ (എക്‌സി. മെംബർ, ഇന്ത്യൻ സ്കൂൾ) എന്നിവരും സജി ആന്റണി (സെക്രട്ടറി, ഇന്ത്യൻ സ്കൂൾ), രാജേഷ് നന്പ്യാർ (എക്‌സി. മെംബർ, ഇന്ത്യൻ സ്കൂൾ), പ്രോഗ്രസ്സീവ് പാനൽ വൈസ് ചെയർമാൻ പ്രവീൺ നായർ എന്നിവരും സന്നിഹിതരായിരുന്നു.
ഇക്കഴിഞ്ഞ സി.ബി.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിക്കുകയും അവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കൺവീനർ ശശിധരൻ എം, ഇ.കെ പ്രദീപൻ, സന്തോഷ് ബാബു, ശിവകുമാർ കൊല്ലറോത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തുടർന്ന് പ്രോഗ്രസീവ് പാനൽ വനിതാ വിഭാഗത്തിനൊപ്പം സജു മുകുന്ദ്, നീരജ് എന്നിവർ നേതൃത്വം കൊടുത്ത് കൊണ്ട് അംഗങ്ങളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച്, വിവിധ കലാപരിപാടികളും സ്ത്രീകളുടെയും പുരുഷൻമാരുടെയും ആവേശകരമായ വടംവലിയും ഫുട്ബോൾ മത്സരങ്ങളും സംഘടിപ്പിച്ചു.




